കയ്പ്പമംഗലം : ആത്മരക്ഷയ്ക്കും ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കും കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികളെ നീന്തൽ പഠിപ്പിക്കാൻ ഒരുങ്ങി മതിലകം പഞ്ചായത്ത്. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായാണ് പരിശീലനം. പഞ്ചായത്ത് ഓഫീസിനോട് ചേർന്ന ഒരേക്കർ വരുന്ന പൊതുകുളത്തിലാണ് പരിശീലനം. ഇതിനായി എം.എൽ.എ.ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് കുളം നവീകരിച്ചിരുന്നു. പരീശീലനത്തിന് പഞ്ചായത്ത് അമ്പതിനായിരം രൂപയും വകയിരുത്തി. മാള സ്വദേശി എം.എസ് ഹരിലാലാണ് നേതൃത്വം നൽകുക.
വായു നിറച്ച ട്യൂബുകൾ ഉപയോഗിച്ചാണ് പരിശീലനം. ഒരാഴ്ച്ച പിന്നിടുമ്പോൾ സ്വയം നീന്താനാകും. മതിലകം സെന്റ് ജോസഫ് സ്‌കൂൾ, ഒ.എൽ.എഫ് സ്‌കൂൾ എന്നിവിടങ്ങളിലെ 80 കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. പ്രളയകാല അനുഭവങ്ങളും നീന്തലറിയാതെ കുട്ടികൾ അപകടത്തിൽപ്പെടുന്നതുമായ സാഹചര്യമാണ് ഈ നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി സുരേന്ദ്രൻ പറഞ്ഞു. അടുത്ത വർഷം 5 മുതൽ 10 വരെയുള്ള എല്ലാ കുട്ടികളെയും നീന്തൽ പഠിപ്പിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. രാവിലെ നടന്ന ചടങ്ങിൽ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ നീന്തൽ പരിശീലനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ കെ.വൈ അസീസ്, സുവർണ ജയശങ്കർ, അനി റോയ്, ബിന്ദു സന്തോഷ്, വി.എസ് രവീന്ദ്രൻ, സുനിൽ പി. മേനോൻ എന്നിവർ സംസാരിച്ചു.