തൃശൂർ: തേൻ, വാഴപ്പഴം എന്നിവയുടെ സംസ്‌കരണം ലക്ഷ്യമിട്ട്‌ കേരളത്തിലെ ആദ്യ അഗ്രോപാർക്ക് തൃശൂരിലെ കണ്ണാറ വാഴപ്പഴ ഗവേഷണകേന്ദ്രത്തിൽ തുടങ്ങുന്നതിന് അനുമതി ലഭിച്ചതായി കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. കാർഷികോത്പന്ന സംസ്‌ക്കരണം- മൂല്യ വർദ്ധന ലക്ഷ്യമിട്ടുളള വൈഗ-അന്താരാഷ്ട്ര ശില്പശാലയുടേയും ഭാരതീയ കാർഷിക ഗവേഷണകൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കൃഷി ഉന്നതിമേളയുടേയും സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കാർഷികോത്പാദകരെ കർഷക സംരംഭകരാക്കി മാറ്റുക എന്നതാണ്‌ ശില്പശാലയുടെ ലക്ഷ്യം.

പഴം- പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങൾ, പുഷ്പങ്ങൾ എന്നീ മൂന്ന് വിഷയങ്ങളെ ആസ്പദമാക്കിയാണ് വൈഗ സംഘടിപ്പിക്കുന്നത്. കാർഷിക-അനുബന്ധമേഖലകളിലെ വിഷയങ്ങളെ ആസ്പദമാക്കി കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ നേതൃത്വത്തിലും കൃഷി ഉന്നതിമേള നടക്കും. ഹോളണ്ട് ഉൾപ്പെടെ പല വിദേശരാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. നാളികേരത്തിന്റെ സമഗ്ര വികസനത്തിനായി രൂപീകരിക്കുവാൻ തീരുമാനിച്ചിട്ടുള്ള കോക്കനട്ട് മിഷൻ, ചെറുധാന്യങ്ങളുടെ ഉത്പന്ന സംസ്‌കരണത്തിനുളള അട്ടപ്പാടി മില്ലേറ്റ്‌ വില്ലേജ് പദ്ധതി, ഹണിമിഷൻ തുടങ്ങിയവ കഴിഞ്ഞ ശില്പശാലയുടെ ഫലമായി നടപ്പിലാക്കുവാൻ കഴിഞ്ഞ പ്രവർത്തനങ്ങളാണെന്നും മന്ത്രി പറഞ്ഞു.

എം.എൽ.എമാരായ കെ. രാജൻ, ഇ.ടി. ടൈസൺ മാസ്റ്റർ , കെ.വി അബ്ദുൾഖാദർ, ഗീതാഗോപി എന്നിവർ മുഖ്യാതിഥികളായി. മേയർ അജിതാ ജയരാജൻ അദ്ധ്യക്ഷയായി. ഡിസംബർ 27 മുതൽ 30വരെ തേക്കിൻകാട് മൈതാനിയിലാണ് ശിൽപ്പശാല നടക്കുന്നത്. മുഖ്യരക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയനും ചെയർമാൻ മന്ത്രി വി.എസ്. സുനിൽ കുമാറുമാണ്.