taxi
taxi

തൃശൂർ: വിലക്കയറ്റം മൂലം ഒാട്ടോ-ടാക്സി നിരക്കുകൾ പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ട് 18 ന് അർദ്ധരാത്രി മുതൽ അനിശ്ചിതകാല ഒാട്ടോ-ടാക്സി പണിമുടക്ക് തുടങ്ങാൻ സംസ്ഥാന ഒാട്ടോ-ടാക്സി-ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് കോ-ഒാർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. ബി.എം.എസ് ഒഴികെയുള്ള യൂണിയനുകളിലെ 10 ലക്ഷം ഒാട്ടോ-ടാക്സി തൊഴിലാളികൾ പണിമുടക്കുമെന്ന് ഒമ്പത് ട്രേഡ് യൂണിയനുകൾ അറിയിച്ചു. പെട്രോളിയം ഉത്പന്നങ്ങൾ, ഇൻഷ്വറൻസ് പ്രീമിയം, സ്പെയർ പാർട്സ്, ടയർ, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വില വർദ്ധിച്ച സാഹചര്യത്തിലാണ് തീരുമാനം. രണ്ടു വർഷമായി നിരക്ക് വർദ്ധന ആവശ്യപ്പെടുന്നുണ്ട്. 2014 ഒക്ടോബറിലാണ് ഒടുവിൽ നിരക്ക് വർദ്ധനയുണ്ടായത്. കഴിഞ്ഞ ജൂലായ് നാലിന് പണിമുടക്ക് തുടങ്ങാൻ തീരുമാനിച്ചെങ്കിലും ആഗസ്റ്റ് 20 നുളളിൽ നിരക്ക് പുനർനിർണയിക്കുമെന്ന ഉറപ്പിൽ മാറ്റുകയായിരുന്നു. ചെയർമാൻ അഡ്വ. ഇ.നാരായണൻ നായർ അദ്ധ്യക്ഷനായി.