തൃശൂർ : അപകടങ്ങളും മരണവും തുടരുന്നതിനിടെ സ്ഥലമെടുപ്പും മരം മുറിക്കലും കീറാമുട്ടിയാകുമ്പോൾ തൃശൂർ വാടാനപ്പിള്ളി റോഡിന്റെ സംസ്ഥാന പാതാ പദവി പോലും നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ജനം. അതേസമയം അറ്റകുറ്റപണി നടക്കുന്നുവെന്ന പല്ലവി തുടരുകയാണ് അധികൃതർ. 2005 മുതൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ഒടുവിൽ 2016 ഫെബ്രുവരിയിൽ സംസ്ഥാനപാതയാക്കുന്നതായി പ്രഖ്യാപനവും ഒളരിയിൽ ഫലകവും സ്ഥാപിച്ചെങ്കിലും ഇതുവരെ യാഥാർത്ഥ്യമാക്കാനായിട്ടുമില്ല.

തുടക്കത്തിൽ മുപ്പത് മീറ്റർ വീതിയിൽ തുടങ്ങി പിന്നെ 17 ൽ എത്തി ഇപ്പോൾ പലയിടങ്ങളിലും 12 മീറ്റർ വീതിയിലുള്ള പ്രവർത്തനം മാത്രമാണ് നടക്കുന്നത്. മുഴുവൻ ടാറിംഗ് നടത്താതെ അറ്റകുറ്റപ്പണി മാത്രമാണ് നടക്കുന്നത്. സംസ്ഥാനപാത പ്രവർത്തനത്തിന്റെ ഭാഗമായി ഇപ്പോൾ പടിഞ്ഞാറെക്കോട്ട മുതൽ എറവ് വരെ ഒമ്പത് കിലോമീറ്റർ ദൂരമാണ് തീരുമാനിച്ചിട്ടുള്ളതെന്നാണ് അധികൃതർ പറയുന്നത്. പണ്ടേ തകർന്ന തരിപ്പണമായ ചേറ്റുപുഴ ഭാഗത്ത് പ്രളയത്തോടെ റോഡ് തന്നെ മാറിക്കിടക്കുകയാണ്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് വാടാനപ്പിള്ളി തൃശൂർ പാതയ്ക്ക് 39 കോടി രൂപയാണ് വകയിരുത്തിയത്. തുടർന്ന് എൽ.ഡി.എഫ് സർക്കാർ പ്രവർത്തനങ്ങൾ നടത്തുന്നതിന് ശ്രമം ആരംഭിച്ചെങ്കിലും പാതി വഴിയിൽ നിൽക്കുകയാണ്.

7 മീറ്റർ വീതിയിൽ

സംസ്ഥാനപാതയിൽ 7 മീറ്റർ വീതിയിലുള്ള അറ്റകുറ്റപണികൾ മാത്രമാണ് നടക്കുന്നത്. ഒമ്പത് കോടി ചെലവിലാണ് പ്രവർത്തനം.

31 മരണം

2005 മുതൽ ഇതുവരെ ഈ മേഖലയിൽ വിവിധ അപകടങ്ങളിലായി 31 പേരുടെ ജീവനുകളാണ് നഷ്ടപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു.

ചില തടസങ്ങൾ ഉണ്ട്

തൃശൂർ വാടാനപ്പിള്ളി റോഡിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇപ്പോഴും ചില തടസങ്ങൾ നിലനിൽക്കുന്നുണ്ട്. സ്ഥലമെടുപ്പ്, മരം മുറിക്കൽ എന്നിവയാണ് ഇതിൽ പ്രധാനം. കൂടാതെ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ടവരുടെ യോഗം ചേർന്നിരുന്നു. ഇതിനാവശ്യമായ തുകയും അനുവദിച്ചിട്ടുണ്ട്. മുരളി പെരുനെല്ലി എം.എൽ.എ

തകിടം മറിക്കുന്നു

റോഡിന്റെ തകർച്ചയെ തുടർന്ന് നിരന്തരം അപകടങ്ങൾ ഉണ്ടാവുകയും നിരവധി ജീവനുകൾ നഷ്ടപ്പെടുകയും ചെയ്തിട്ടും റോഡ് വികസനകാര്യത്തിൽ സർക്കാരും എം.എൽ.എയും കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ കോൺഗ്രസ് ശക്തമായി രംഗത്ത് വരും. ഇപ്പോൾ സമര പാതയിലാണ്. മെല്ലെപ്പോക്ക് തുടർന്നാൽ സമരം ശക്തമാക്കും.

ജോസ് വള്ളൂർ
ഡി.സി.സി വൈസ് പ്രസിഡന്റ്