anthikkadkol
അന്തിക്കാട് കാഞ്ഞാംകോളിൽ പട്ടാളപ്പുഴുവിനെ തുരത്താൻ മരുന്നടിക്കുന്നു

അന്തിക്കാട്: ഇരുപ്പൂകൃഷി പരീക്ഷിക്കുന്ന അന്തിക്കാട് കോൾപ്പടവിലും പട്ടാളപ്പുഴു ശല്യം. അന്തിക്കാട് പാടശേഖരത്തിലെ 200 ഏക്കർ വരുന്ന കാഞ്ഞാം കോളിലാണ് കഴിഞ്ഞ ദിവസം മുതൽ പട്ടാളപ്പുഴുക്കളെ കണ്ടെത്തിയത്. ഇരുപ്പൂ കൃഷിയിറക്കാൻ ലക്ഷ്യമിട്ട് 90 ദിവസം കൊണ്ട് വിളവെടുക്കാവുന്ന മനുരത്‌ന വിത്താണ് ഇവിടെ പരീക്ഷിച്ചിട്ടുള്ളത്.

15 ദിവസത്തോളം പ്രായം ചെന്ന നെൽച്ചെടികളിലാണ് പുഴക്കളെ കണ്ടെത്തിയത്. രാവിലെയും വൈകീട്ടുമാണ് ആക്രമണം രൂക്ഷമാകുന്നത്. കൂട്ടമായെത്തി ഇവ മണിക്കൂറുകൾക്കകം ഏക്കർ കണക്കിന് നെൽച്ചെടികൾ ഭക്ഷിക്കും. പച്ച നിറത്തിലുള്ള പുഴുക്കൾ നെൽച്ചെടികൾ ഭക്ഷിക്കുന്നതോടെ കറുപ്പ് നിറത്തിലാകും. കാലാവസ്ഥാ വ്യതിയാനമാണ് പട്ടാളപ്പുഴു ശല്യത്തിന് കാരണമാകുന്നതെന്നാണ് അധികൃതരുടെ പക്ഷം.
കഴിഞ്ഞ ദിവസം ആലപ്പാട്, പുള്ള്, പുറത്തൂർ തുടങ്ങിയ പടവുകളിൽ പട്ടാളപ്പുഴുക്കളെ കണ്ടെത്തിയിരുന്നു. ഇവയെ പ്രതിരോധിക്കുന്നതിന് കൊറാജൻ എന്ന മിശ്രിതം നിർദേശിക്കുന്ന അളവിൽ സ്‌പ്രേ ചെയ്യണമെന്ന് കൃഷിവകുപ്പ് നിർദേശിച്ചിട്ടുണ്ട്. പാർശ്വഫലങ്ങളില്ലാത്തതാണ് കൊറാജനെന്നും പാടശേഖരത്തിലെ മറ്റു ജീവികൾക്ക് ഇതു മൂലം നാശം സംഭവിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

പടവിൽ പുഴുവിന്റെ സാന്നിദ്ധ്യമറിയിച്ചുള്ള മുന്നറിയിപ്പ് ബോർഡ് പടവു കമ്മിറ്റി സ്ഥാപിച്ചിട്ടുണ്ട്. അന്തിക്കാട് പടവിലെ 1500 ഓളം ഏക്കറിൽ 200 ഏക്കറിൽ മാത്രമാണ് കൃഷിയിറക്കിയിട്ടുള്ളത്. ബാക്കി സ്ഥലങ്ങളിൽ ഈ മാസം 18 ന് വിതയ്ക്കാനായിരിക്കെയാണ് പട്ടാളപ്പുഴുവെത്തിയത്. ഇതോടെ ബാക്കിയിടങ്ങളിൽ കൃഷിയിറക്കണമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

 നാശം വിതച്ച് കൊക്കുകളും
പുഴുക്കളെ ഭക്ഷിക്കാൻ കൂട്ടത്തോടെ എത്തുന്ന കൊക്കുകളും ഭീഷണിയാകുന്നുണ്ട്. നെൽച്ചെടികൾ കൊക്കുകളുടെ ചവിട്ടേറ്റ് മറിഞ്ഞു വീഴുന്നത് നാശത്തിന് ഇടവരുത്തുന്നു.

 അധികബാധ്യത
പട്ടാളപ്പുഴു ശല്യം കർഷകർക്ക് അധിക ബാധ്യത വരുത്തുമെന്നാണ് ആശങ്ക. ഒരു ഏക്കറിൽ മരുന്നു തെളിക്കാൻ 1000 രൂപ മുതൽ 1500 രൂപ വരെ ചെലവുണ്ട്. ഈ തുക കർഷകർ സ്വയം വഹിക്കണം. വരമ്പുകളിലും റോഡരികിലും മാത്രമാണ് മരുന്ന് തളിക്കാൻ പാടശേഖര സമിതികൾ പണം ചെലവഴിക്കുക. ഈ അധികച്ചെലവ് കൃഷി വകുപ്പ് ഏറ്റെടുക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസം കൃഷിസ്ഥലത്ത് വന്നിരുന്നപ്പോൾ പുഴുക്കളെ കണ്ടിരുന്നില്ല. അടുത്ത ദിവസം നേരം പുലർന്ന് പാടത്തെത്തിയപ്പോൾ റോഡിലടക്കം പുഴുക്കളായിരുന്നു. നിമിഷനേരം കൊണ്ടാണ് പുഴുക്കൾ പടരുന്നത്.

- എം.കെ. ധർമ്മൻ, കർഷകൻ (അന്തിക്കാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്).