ഏങ്ങണ്ടിയൂരിൽ ദീനദയാൽ ഉപാദ്ധ്യായയുടെ വെങ്കല പ്രതിമ ഉദ്ഘാടനം ചെയ്തു
വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ ദീനദയാൽ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയുടെ വെങ്കല പ്രതിമ കേന്ദ്ര ഐ.ടി, ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയം കുറ്റമറ്റതാണെന്ന് കണ്ണന്താനം പറഞ്ഞു. കേരളത്തിൽ വിദ്യാഭ്യാസത്തിന് കൂടുതൽ മേന്മയുണ്ടാവണം. മൂല്യങ്ങളിലും ഭാരതീയ സംസ്കാരത്തിലും വേരൂന്നിയ വിദ്യാഭ്യാസമാണ് വേണ്ടത്. അക്കാഡമിക് നിലവാരമെന്നാൽ കാണാതെ പഠിക്കലല്ലെന്നും ചുറ്റുപാടുകളും ചരിത്രവും മനസിലാക്കിയാവണമെന്നും കേന്ദ്രമന്തി ഓർമ്മിപ്പിച്ചു. ചടങ്ങിൽ നവീകരിച്ച ഭാരത് മാതാ മണ്ഡപത്തിന്റെ ഉദ്ഘാടനം ആർ.എസ്.എസ് പ്രാന്തസംഘ ചാലക് പി.ഇ.ബി മേനോൻ നിർവഹിച്ചു. ദീനദയാൽ ട്രസ്റ്റ് ചെയർമാൻ വേലായുധൻ പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജന്മഭൂമി ന്യൂസ് എഡിറ്റർ മുരളി പാറപ്പുറം ദീനദയാൽജി അനുസ്മരണ പ്രഭാഷണം നടത്തി. വേലായുധൻ പണിക്കശ്ശേരി രചിച്ച പ്രാചീന കേരളത്തിന്റെ വാണിജ്യബന്ധങ്ങൾ എന്ന ചരിത്ര പുസ്തകത്തിന്റെ പ്രകാശനവും കേന്ദ്രമന്ത്രി നിർവഹിച്ചു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന പ്രസിഡന്റ് സുമതി ഹരിദാസ്, സ്കൂൾ പ്രിൻസിപ്പൽ ടി.ആർ വിജയം, പഞ്ചായത്തംഗം ഉഷ സുകുമാരൻ, ക്ഷേമസമിതി പ്രസിഡന്റ് കെ.എ ബിനോജ്, മാതൃസമിതി പ്രസിഡന്റ് സ്മിത രാകേഷ് എന്നിവർ സംസാരിച്ചു. ഇ. ബാലഗോപാൽ സ്വാഗതവും ഇ.എസ് സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. . . . .