thushar

ഗുരുവായൂർ: വിശ്വാസികൾക്കെതിരെ യുദ്ധം ചെയ്യുന്ന രണ്ട് ശതമാനം മാത്രമുള്ള അവിശ്വാസികൾ ഒടുവിൽ ഉത്തരം പറയേണ്ടി വരുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് ഗുരുവായൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എത്രയോ കോടി ഹിന്ദുസ്ത്രീകളുണ്ട് നമ്മുടെ രാജ്യത്ത്. അവരൊന്നും ശബരിമലയിൽ പോകാൻ തയ്യാറാകാതിരുന്നിട്ടും മറ്റു മതങ്ങളിലുള്ളവരെ കയറ്റാൻ സർക്കാർ ശ്രമിക്കുകയായിരുന്നു. പ്രളയത്തിന്റെ ആഘാതത്തിൽ പെട്ടവരെ സഹായിക്കാൻ തയ്യാറാകാതെയാണ് സർക്കാർ ഇതിനുവേണ്ടി ഒരുക്കം നടത്തിയത്. ഇപ്പോൾ നിലവിളക്ക് കത്തിക്കാൻ ഫയർ ആൻഡ് സേഫ്റ്റിയുടെ അനുവാദം വേണമെന്ന സ്ഥിതിയിലെത്തി. കേരളത്തിൽ നിന്ന് മാത്രമല്ല, വ്രതമെടുത്ത് ശബരിമലയിൽ പോകുന്നവർ യൂറോപ്യൻ രാജ്യങ്ങളിലുമുണ്ട്. അവരും പൊലീസ് സ്‌റ്റേഷനുകളിൽ ചെന്ന് വരിനിന്ന് സർട്ടിഫിക്കറ്റ് വാങ്ങിപ്പോകണം. ഹിന്ദുക്കൾക്ക് ആരാധിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയാണ് ഭരണകൂടം. ജെല്ലിക്കെട്ട് തമിഴ്‌നാട്ടിൽ തിരിച്ചുകൊണ്ടുവന്നത് എങ്ങനെയെന്ന് ഇവർ തിരിച്ചറിയണം. ഹിന്ദു, മുസ്ളിം, ക്രിസ്ത്യൻ മതവിശ്വാസികൾക്കെതിരെ യുദ്ധം ചെയ്യുന്നവർക്ക് ഒരിക്കൽ ബോധോദയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.