ചാലക്കുടി: ദേശീയപാതയിൽ കഴിഞ്ഞ മൂന്നൂ മാസത്തിനകം പൊലിഞ്ഞത് പത്തിലേരെ പേരുടെ ജീവൻ. അപകടങ്ങളിൽ പരിക്കേറ്റവരുടെ ഇതിലേറെ വരും. ബൈക്ക് അപകടങ്ങളും നാൾക്കുനാൾ വർദ്ധിക്കുന്നുണ്ട്. പോട്ട ജംഗ്ഷൻ മുതൽ പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് വരെയുള്ള ഭാഗമാണ് അപകടങ്ങളുടെ സ്ഥിരം കേന്ദ്രം.
കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരനായ എഴുപതുകാരൻ ടാങ്കർ ലോറിയിടിച്ച് മരിച്ചിരുന്നു. അപ്പോളോ ടയേഴ്‌സിന് സമീപം ഇന്നലെയും ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൂടാതെ രണ്ടാഴ്ചയ്ക്കുള്ളിൽ ബൈക്ക് അപകടങ്ങളിൽ മൂന്നുപേർക്ക് ജീവഹാനിയുണ്ടായി. നിറുത്തിയിട്ടിരുന്ന ട്രെയിലർ ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു യുവാക്കൾ മരിച്ച സംഭവം നടന്നു.
കൊരട്ടിയിലും രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നു മരണമുണ്ടായി. യാത്രക്കാർക്ക് ഗുരുതര പരിക്കേൽക്കുന്ന അപകടങ്ങളും ഇവിടെ നിത്യസംഭവങ്ങളാണ്. മുരിങ്ങൂരിലെ കോട്ടമുറി, കൊരട്ടി സിഗ്‌നൽ ജംഗ്ഷൻ, ചിറങ്ങര സിഗ്‌നൽ, പൊങ്ങം യുടേൺ എന്നിവിടങ്ങളാണ് അപകടങ്ങൾ പതിയിരിക്കുന്ന കേന്ദ്രങ്ങൾ. അമിതവേഗവും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് പ്രധാനഹേതു.
റോഡരികിലെ അനധികൃത പാർക്കിംഗ്, വെളിച്ചക്കുറവ് എന്നിവയും അപകടങ്ങൾക്ക് ഇടവരുത്തുന്നു. രണ്ടാഴ്ച മുമ്പ് പൊങ്ങം യൂ ടേണിൽ ഹൈവേയിലേക്ക് കയറിയ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് ഭാര്യ മരിച്ചിരുന്നു. ഇവിടെ തെരുവ് വിളക്കുകളുടെ അഭാവം ഭീഷണിയാകുന്നുണ്ട്.
ചിറങ്ങര സിഗ്‌നൽ ജംഗ്ഷനിലെ അപകടകാരണം പ്രാദേശിക വാഹന യാത്രക്കാരുടെ അശ്രദ്ധയാണെന്നാണ് പരക്കെയുള്ള ആക്ഷേപം. സിഗ്‌നൽ ലംഘിച്ച് നാലുകെട്ട് റോഡിൽ നിന്നെത്തുന്ന വാഹനങ്ങൾ ദേശീയപാത മുറിച്ചുകടക്കുന്നത് സാധാരണ സംഭവമാണ്. ഈസമയം ദേശീയപാതയിലൂടെയെത്തുന്ന വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപ്പെടുന്നു.
കാൽനട യാത്രക്കാരും വാഹനങ്ങൾ നോക്കാതെ റോഡിന് കുറുകെ കടക്കുന്നുണ്ട്. കൊരട്ടി ജംഗ്ഷനിലെ അപകടങ്ങൾക്ക് മുഖ്യപങ്ക് കെ.എസ്.ആർ.ടി സി ബസുകൾക്കാണ്. എറണാകുളം ഭാഗത്തു നിന്നുമെത്തുന്ന ബസുകൾ സിഗ്‌നൽ ജംഗ്ഷൻ കഴിഞ്ഞ് യാത്രക്കാരെ ഇറക്കുന്നതിലെ അപാകതയാണ് അപകടമുണ്ടാക്കുന്നത്.
ബസുകളുടെ അശാസ്ത്രീയ സമീപനം ഗതാഗതസ്തംഭനവും നിരന്തര അപടങ്ങളും വരുത്തിവയ്ക്കുന്നു. കെ.എസ്.ആർ.ടി.സി എം.ഡിക്ക് ഇതു സംബന്ധിച്ച് കൊരട്ടി പൊലീസ് മെമ്മോ കൊടുത്തിട്ടും പ്രയോജനമുണ്ടായില്ല. പോട്ടയിലാണ് അനധികൃത പാർക്കിംഗ് വില്ലനാകുന്നത്. റോഡരികിൽ നിറുത്തുന്ന വാഹനങ്ങളുടെ പിന്നിലിടിച്ച് അപകടങ്ങളുണ്ടാകുന്നത് പതിവാണിവിടെ.
കൂടാതെ മദ്യവും അപകടം ക്ഷണിച്ചുവരുത്തുന്നുണ്ട്. അതിരപ്പിള്ളി റോഡിലും അപകടങ്ങളേറുന്നുണ്ട്. ദേശീയപാതയിൽ രാത്രിയിൽ പൊലീസ് പട്രോളിംഗ് നിലച്ചതും അപകടങ്ങൾ പെരുകുന്നതിന് ഇടയാക്കുന്നു. പരിശോധനകൾ നടത്തി വിവാദങ്ങളിൽ പെടേണ്ട എന്ന മനോഭവമാണ് പൊലീസിനെ രാത്രികാല പട്രോളിംഗിൽ നിന്ന് അകറ്റുന്നതത്രെ.