ചാലക്കുടി: ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ ആറ് ട്രാക്ക് അടങ്ങിയ സ്റ്റേഡിയം നിർമ്മിക്കുമെന്ന ഉറപ്പ് പാലിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ സംരക്ഷണ സമിതി ഇന്ന് നഗരസഭാ അധികൃതർക്ക് നിവേദനം നൽകും. മുൻ ദേശീയ ഫുട്‌ബാൾ പരിശീലകൻ ടി.കെ. ചാത്തുണ്ണിയുടെ നേതൃത്തിലാണ് കായിക പ്രേമികൾ ഉൾപ്പെടുന്ന സംഘം നിവേദനം നൽകുക.

ഒന്നര വർശം മുമ്പ് നഗരസഭയിലെ പ്രതിപക്ഷം മുൻകൈയെടുത്ത് സ്റ്റേഡിയം ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു. കായിക താരങ്ങളെ അണിനിരത്തി നടന്ന പ്രക്ഷോഭത്തെ തുടർന്ന് നിരാഹാരസമരവും നടന്നിരുന്നു. ഇതിനിടെയാണ് പൗരപ്രമുഖർ ഇടപെട്ട് താത്കാലികമായി ഒത്തുതീർപ്പുണ്ടാക്കിയത്.

നിലവിലുള്ള സ്‌കൂൾ കെട്ടിടങ്ങൾ പൊളിച്ചു നീക്കി പുതിയ സ്‌കൂൾ ഗ്രൗണ്ടിൽ നിർമ്മിക്കുക, പഴയ കെട്ടിടങ്ങൾ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് എട്ട് ട്രാക്ക് ഉൾപ്പെടുന്ന സ്റ്റേഡിയം നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യു.ഡി.എഫ് നയിക്കുന്ന സമരസമിതി ഉന്നയിച്ചിരുന്നത്. എന്നാൽ നഗരസഭയിലെ ഭരണപക്ഷവും എൽ.ഡി.എഫും ഇതിനോട് പൂർണ്ണമായും യോജിച്ചിരുന്നില്ല.

പഴയ സ്ഥലത്തു നിന്നും കെട്ടിടങ്ങളെല്ലാം പൊളിച്ചുമാറ്റുന്നതിൽ പി.ടി.എ അടക്കമുള്ള മറ്റൊരു വിഭാഗവും എതിർപ്പു പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പ്ലസ് ടു വിഭാഗത്തിനായി നിലവിലെ സ്ഥലത്തെ തെക്ക് ഭാഗത്ത് പുതിയ കെട്ടിടം നിർമ്മിച്ചത്. ഇതിന്റെ ശിലാസ്ഥാപന വേളയിലും മറുപക്ഷം എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
കെട്ടിടം നിർമ്മിച്ചാലും ആറ് ട്രാക്ക് സ്റ്റേഡിയത്തിന് സൗകര്യമുണ്ടാകുമെന്ന് നഗരസഭാ അധികൃതർ ഉറപ്പു നൽകിയിരുന്നത്രെ. എന്നാൽ രണ്ടാഴ്ച മുമ്പ് സ്ഥലം അളക്കാനെത്തിയ ഉദ്യോഗസ്ഥർ ആറ് ട്രാക്കിനുള്ള സൗകര്യം ലഭിക്കില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് നഗരസഭയിലെ പ്രതിപക്ഷം പിന്തുണയ്ക്കുന്ന വിഭാഗം പ്രക്ഷോഭം തുങ്ങുന്നത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് നിവേദനം നൽകൽ.