ചേലക്കര: തിരുവില്വാമല പുനർജനി നൂഴൽ 19ന് തിങ്കളാഴ്ച നടക്കും. നൂഴൽ ചടങ്ങിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്നും മൂന്നര കിലോമീറ്ററോളം കിഴക്ക് മാറി വില്വാമലയിലെ ഗുഹാ പരിസരത്തുള്ള കാടുകൾ വെട്ടിത്തെളിച്ചു.
വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിനാളായ ഗുരുവായൂർ ഏകാദശി ദിവസമാണ് പുനർജനി ഗുഹ നൂഴൽ നടക്കുന്നത്.
പുലർച്ചെ നാലിന് ക്ഷേത്രത്തിൽ ശ്രീരാമ ലക്ഷ്മണ സ്വാമിമാരുടെ നടതുറന്ന് നെയ് വിളക്ക് കത്തിച്ച് ക്ഷേത്ര ശാന്തിയായ ഇളയിടത്ത് മനയ്ക്കൽ കേശവൻ നമ്പൂതിരിയുടെയും ദേവസ്വം മാനേജരുടെയും നേതൃത്വത്തിൽ പുനർജനി ഗുഹാമുഖത്തേക്കുള്ള പ്രത്യേക പൂജകൾക്കായി ശംഖു നാദത്തിന്റെയും കുത്തുവിളക്കിന്റെയും അകമ്പടിയോടെ പുറപ്പെട്ട് ഗണപതി തീർത്ഥം വഴി ഗുഹാമുഖത്തെത്തും.
പത്മമിട്ട് പ്രത്യേക പൂജകൾക്കു ശേഷം നെല്ലിക്ക ഉരുട്ടി ആരതി തെളിച്ച ശേഷമാണ് പുനർജനി നൂഴൽ ആരംഭിക്കുന്നത്. ആദ്യം ക്ഷേത്ര ജീവനക്കാരാണ് നൂഴുന്നത്, തുടർന്ന് ഭക്തരും. നൂഴലിനു ശേഷം പുനർജനിയിലെ അത്ഭുത പ്രതിഭാസമായ പാപനാശിനി തീർത്ഥം ഭക്തജനങ്ങൾ സേവിക്കും. പുനർജനിയോടു ചേർന്നു കിടക്കുന്ന കൊമ്പു തീർത്ഥം, കുളമ്പ് തീർത്ഥം, അമ്പു തീർത്ഥം എന്നിവയും അതിവിശിഷ്ടമാണ്. പുനർജനി നൂണാൽ ജന്മ പാപം തീരുമെന്നാണ് വിശ്വാസം.
അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും രാവിലെ എട്ടിന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ശീവേലിയും ഉണ്ടാകും.
പുനർജനി നൂഴുന്നതിന് ആവശ്യമായ ടോക്കണുകൾ 18ന് ഞായറാഴ്ച വൈകിട്ട് നാല് മുതൽ വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്നും ഒരാൾക്ക് ഒന്നു വീതം ലഭിക്കും.