sreedharan-pillai

ഗുരുവായൂർ: അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത്ഷാ ശബരിമല പ്രശ്‌നം ആഴത്തിൽ മനസിലാക്കിയിട്ടുണ്ടെന്നും പാർട്ടിയുടെ മുഴുവൻ ശക്തിയും ഈ സമരത്തിന് ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുതന്നിട്ടുണ്ടെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരൻപിള്ള പറഞ്ഞു. ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് ഗുരുവായൂരിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സമരം ഒരിക്കലും സുപ്രീംകോടതിക്ക് എതിരല്ല. ശബരിമല സംരക്ഷണയാത്രയെ തടയാൻ ആർക്കും കഴിയില്ല. മഹത്തായ ലക്ഷ്യത്തോടെയാണ് ഈ യാത്ര തുടങ്ങിയത്. ഈ ജനസഞ്ചയം കണ്ടിട്ടും കാണാത്തവരുടെ പട്ടികയിൽ മുഖ്യമന്ത്രി മാത്രമല്ല,​ മറ്റു പലരുമുണ്ട്. എന്തു തന്നെയായാലും സമരത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. വിശ്വാസികൾക്കായി നിലകൊള്ളുന്നവരെ ചോരയിൽ മുക്കിക്കൊല്ലാൻ ആരും ശ്രമിക്കണ്ട. താൻ നടത്തിയ പ്രസംഗത്തിലെ ഓരോ വരികളും ശരിയാണെന്നതിൽ ഉറച്ചുനിൽക്കുന്നു. മലക്കം മറഞ്ഞിട്ടില്ലെന്ന് ആരോപണം ഉന്നയിക്കുന്നവർ തിരിച്ചറിയണം. കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ ഒരു മാറ്റവുമില്ല. ശരണമന്ത്രത്തിന്റെ ശക്തി തോൽക്കില്ലെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.