കൊടുങ്ങല്ലൂർ: ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് നഗരത്തിൽ ഊഷ്മള സ്വീകരണം. മണ്ഡലാതിർത്തിയിൽ നിന്നും നിരവധി കാറുകളുടെയും നൂറ് കണക്കിന് ബൈക്കുകളുടെയും അകമ്പടിയോടെ ആനയിച്ച രഥയാത്രാ നായകർ സ്വീകരണവേദിയിലേക്കെത്തിയപ്പോൾ സദസ് ആവേശത്തിമിർപ്പിൽ ഇളകി മറിഞ്ഞു. വൈകീട്ട് അഞ്ചോടെയാണ് സ്വീകരണ സമ്മേളനം നിശ്ചയിച്ചിരുന്നതെങ്കിലും രാത്രി ഒമ്പതോടെയാണ് രഥയാത്ര നഗരത്തിലെത്തിയത്. രഥയാത്രയെ നയിക്കുന്ന അഡ്വ. ശ്രീധരൻ പിള്ളയും തുഷാർ വെള്ളാപ്പള്ളിയും എത്തും മുമ്പേ സ്വീകരണസമ്മേളന വേദി ജനനിബിഡമായി. എൻ.ഡി.എ ജില്ലാ കൺവീനർ കെ.വി. സദാനന്ദന്റെ അദ്ധ്യക്ഷതയിൽ നടന്ന സ്വീകരണ സമ്മേളനം എം.ടി രമേശ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നേതാക്കളായ എ.എൻ രാധാകൃഷ്ണൻ, ബി.ഡി.ജെ.എസ്. സംസ്ഥാന സെക്രട്ടറി ടി.വി ബാബു, സ്പൈസസ് ബോർഡ് ചെയർമാൻ സുഭാഷ് വാസു, ബി. ഗോപാലകൃഷ്ണൻ, പട്ടികജാതി മോർച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, എ. നാഗേഷ്, കെ.കെ ബിനു, ബേബിറാം, പി.കെ രവീന്ദ്രൻ, സി.ഡി ശ്രീലാൽ, എം.ജി പ്രശാന്ത് ലാൽ തുടങ്ങിയവർ സംസാരിച്ചു. കെ.ഡി വിക്രമാദിത്യൻ, ദിനിൽ മാധവ്, സി.എം സദാശിവൻ, അനീഷ് പി. കടവിൽ, കൃഷ്ണൻ പാണാട്ട്, പ്രേംജി, വി.ബി മുരഹരി, കെ.എ സുനിൽ കുമാർ, പത്മകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. . . ..