മാള : പ്രളയത്തിൽ പുഴ ഗതി മാറി ഒഴുകിയതിനെ തുടർന്ന് തകർന്ന ചക്കാംപറമ്പ് റോഡിന്റെ പുനർ നിർമ്മാണം വൈകുന്നു. പൊതുമരാമത്ത് അധികൃതർ നിരവധി തവണ സ്ഥലം സന്ദർശിച്ചെങ്കിലും നടപടി ഒന്നുമായില്ല. റോഡ് പിളർന്ന് ഒലിച്ചുപോയത് അതേനിലയിൽ തന്നെ കിടക്കുകയാണ്. ഒലിച്ചുപോയ റോഡിന്റെ വശങ്ങൾ കെട്ടിയ ശേഷം മാത്രമേ പുനർനിർമ്മാണം സാദ്ധ്യമാകൂ. ഇതിനായി ഭീമമായ തുക തന്നെ വേണ്ടിവരുമെന്നതിനാൽ കരാർ നടപടി പൂർത്തിയാക്കേണ്ടതുണ്ട്.
നടപടികൾ പൂർത്തിയാക്കി റോഡ് പുനർനിർമ്മിക്കാൻ കാലതാമസം നേരിടുമെന്നാണ് സൂചന. റോഡ് തകർന്ന ഭാഗത്ത് തന്നെയാണ് ചക്കാംപറമ്പ് ഭഗവതി ക്ഷേത്രവും ഡോ. പൽപ്പു സ്മാരക യു.പി സ്‌കൂളുമുള്ളത്. സ്‌കൂളിന്റെ ഭിത്തിക്ക് സമീപം മുതലാണ് റോഡ് തകർന്നു കിടക്കുന്നത്. വെള്ളപ്പാച്ചിലിൽ സ്‌കൂളിനോട് ചേർന്ന് ഒരു കുളവും രൂപപ്പെട്ടു.
വെള്ളം നിറഞ്ഞുകിടക്കുന്ന ഈ ഗർത്തം നികത്താൻ പോലും കഴിഞ്ഞിട്ടില്ല. റോഡിന്റെ വശങ്ങൾ തകർന്ന് കിടക്കുന്നത് അപകടം വിളിച്ചുവരുത്തുന്ന നിലയിലാണ്. റോഡിന്റെ വശത്ത് ഒരു പി.വി.സി പൈപ്പ് മാത്രമാണ് തടയായി വെച്ചിട്ടുള്ളത്. ശോചനീയാവസ്ഥ മൂലം നാല് ബസുകൾ സർവീസ് നിറുത്തിയതോടെ ഈ മേഖലയിൽ യാത്രാക്ലേശം രൂക്ഷമായി. ഓട്ടോറിക്ഷ വരെയുള്ള ചെറുവാഹനങ്ങൾ മാത്രമാണ് ഇതുവഴി പോകുന്നുള്ളൂ. ഇതുവഴി യാത്രക്കാർ കുറഞ്ഞതോടെ ക്ഷേത്രത്തിന് മുൻവശത്തെ വ്യാപാര സ്ഥാപനങ്ങൾ അടച്ചു. കാണിച്ചാന്തുറയിൽ നിന്ന് ചാലക്കുടിപ്പുഴ ഗതിമാറി ഒഴുകിയെത്തിയാണ് റോഡുകൾ തകർത്തത്. ചക്കാംപറമ്പ് റോഡ് ക്ഷേത്രം അധികൃതരും നാട്ടുകാരും ചേർന്നാണ് ചെറു വാഹനങ്ങൾക്ക് പോകാൻ തരത്തിൽ സഞ്ചാരയോഗ്യമാക്കിയത്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ രണ്ടായി പിളർന്ന കോട്ടമുറി-കൊടവത്തുകുന്ന് റോഡിന്റെ അവസ്ഥയും ഇതുതന്നെയാണ്. നാട്ടുകാർ ശ്രമദാനത്തിലൂടെ താത്കാലികമായി സഞ്ചാരയോഗ്യമാക്കിയെകിലും ശാശ്വത പരിഹാരം അകലെയാണ്. ഇവിടെയെത്തിയ ജില്ലാ കളക്ടർ അടക്കമുള്ളവരോട് നാട്ടുകാർ നേരിട്ട് പരാതിപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച ഇവിടത്തെ പാലവും ഇനി പുനർനിർമ്മിക്കേണ്ടി വരും. പുനർനിർമ്മാണത്തിന് എത്രകാലം വേണ്ടിവരുമെന്നതിൽ അധികൃതർക്ക് പോലും നിശ്ചയമില്ലാത്ത അവസ്ഥയാണ്.