തൃശൂർ: ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി അബോധാവസ്ഥയിലായത് കോ-ഓപറേറ്റീവ് ആശുപത്രി അധികൃതരുടെ ചികിത്സാപ്പിഴവ് കൊണ്ടാണെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ചാലക്കുടി മേലൂർ സ്വദേശിനിയാണ് ഡോക്ടറുടെ പിഴവ് മൂലം അബോധാവസ്ഥയിലായത്. യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

ഇടുപ്പുഭാഗത്ത് ഉണ്ടായിരുന്ന കുരു ചികിത്സിക്കാനായി ഈ മാസം രണ്ടിനാണ് യുവതി അമ്മയോടൊപ്പം ആശുപത്രിയിലെത്തിയത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം കൊടുത്ത ആദ്യ ഡോസ് ഇൻജക്‌ഷനോടെ യുവതിയുടെ ദേഹമാസകലം തടിച്ചുവീർക്കുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം അഞ്ചിന് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു.

ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും അനസ്‌തേഷ്യ നൽകി ശസ്ത്രക്രിയ ചെയ്തതോടെ യുവതിയുടെ ബി.പിയും പൾസും കുറഞ്ഞു. പിന്നീട് ആശുപതി അധികൃതർ തന്നെ രോഗിയെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസിന് നൽകിയ പരാതിയിൽ ബന്ധുക്കൾ ആരോപിക്കുന്നു. ഇതിനിടയിൽ യുവതിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായി. കഴിഞ്ഞ ഒരാഴ്ചയായി യുവതിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും ഇല്ലെന്നും ബന്ധുക്കൾ പറയുന്നു.

അനസ്‌തേഷ്യയും ശസ്ത്രക്രിയയും നടത്തിയ ഡോക്ടർമാരെ സംരക്ഷിക്കാനാണ് ആശുപത്രി അധികൃതർ ശ്രമിക്കുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു. ഇതുസംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണർക്കും തൃശൂർ ഈസ്റ്റ് സ്റ്റേഷനിലുമാണ് പരാതി നൽകിയത്. ഡി.എം.ഒയ്ക്കും ഉന്നത അധികാരികൾക്കും പരാതി നൽകുമെന്നും ഇവർ അറിയിച്ചു. ചികിത്സാ ചെലവ് വഹിക്കാൻ പോലും കോ-ഓപറേറ്റീവ് ആശുപത്രി അധികൃതർ തയ്യാറായിട്ടില്ലെന്നും ഭർത്താവ് പരാതിപ്പെട്ടു. . .