തൃശൂർ: സ്ത്രീകൾക്ക്‌ നേരെ വർദ്ധിക്കുന്ന അതിക്രമങ്ങൾ തടയുക, കുറ്റകൃത്യങ്ങൾ കുറച്ച്‌ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക, സോഷ്യൽ മീഡിയ വഴി സ്ത്രീകളെ അപമാനിക്കുന്നത് തടയുക എന്നീ ലക്ഷ്യങ്ങളോടെ സിറ്റി പൊലീസ് ജില്ലയിലുടനീളം 'പെൺകരുത്ത്' സ്ത്രീ ശാക്തീകരണ പരിപാടികൾ സംഘടിപ്പിക്കും. കരാട്ടെയും കളരിയും സ്വയംരക്ഷാ പ്രതിരോധമാർഗങ്ങളും പ്രദർശിപ്പിച്ച് സിറ്റി പൊലീസും, ലയൺസ് ക്ലബ്ബ് വനിതാവിഭാഗവും ചേർന്ന് ഇന്നലെ നടത്തിയ സ്ത്രീ ശാക്തീകരണ പരിപാടി സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു.

വനിതാ പൊലീസും, നിർഭയ ടീമും നടത്തിയ സ്വയം രക്ഷാ പ്രതിരോധ മാർഗ്ഗങ്ങൾ വേദിയിൽ അവതരിപ്പിച്ചു. ശ്രീദേവി, ഷിജി എന്നിവർ നേതൃത്വം നൽകി. ചാലക്കുടി മഹാത്മാ കളരി സംഘത്തിലെ എ.ഐ മുരുകൻ, അശ്വതി, മീനാക്ഷി എന്നിവരാണ് തീപാറും കളരി ചുവടുകൾക്കും, അടവുകൾക്കും നേതൃത്വം നൽകിയത്. പി.ബി ബിനോയ്, വി. അശ്വതി എന്നിവരുടെ നേതൃത്വത്തിലുള്ള 17 അംഗ സംഘമാണ് കരാട്ടെ പ്രദർശനം നടത്തിയത്. കൊച്ചി 'സ്വരക്ഷ' സന്നദ്ധസംഘടന അവതരിപ്പിച്ച സ്വയരക്ഷാ ബോധവത്കരണവും നടത്തി.

പ്രശ്‌നങ്ങളിൽ പതറാതെ പെൺകുട്ടികൾ നിലപാടെടുക്കുമ്പോഴാണ് അന്തരീക്ഷം സ്ത്രീക്ക് അനുകൂലമാകുകയെന്ന് 'പെൺകരുത്തി"ന്റെ ഭാഗമായി നടന്ന സെമിനാർ അഭിപ്രായപ്പെട്ടു. സമയാ സമയത്ത്‌ നേരിടുകയും, അതിജീവനത്തിനായി പോരാടുകയും ചെയ്യണമെന്നും പെൺ ശാരീരിക പ്രത്യേകതകളിലെ അബദ്ധ ധാരണകൾ സമൂഹം മാറ്റണമെന്നും സെമിനാർ ചൂണ്ടിക്കാട്ടി. തൃശൂർ എ.സി.പി വി.കെ രാജു അദ്ധ്യക്ഷനായി. വെസ്റ്റ്‌ഫോർട്ട് ആശുപത്രി ഗൈനക്കോളജിസ്റ്റ്‌ ഡോ. എം. ദീപ്തി 'സ്ത്രീ ശാരീരിക മാനസിക അറിവുകൾ' എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. വനിതാ സി.ഐ എം. ദേവി, വനിതാ എസ്.ഐ പി.വി സിന്ധു, അജിത് കുമാർ രാജ, ലയൺസ് ഭാരവാഹികളായ ഇ.ഡി ദീപക്, ഗീതു തോമസ് എന്നിവർ പ്രസംഗിച്ചു. . . .