ചാഴൂർ : പട്ടാളപ്പുഴു ശല്യം രൂക്ഷമായ പുള്ളിലെ പാടശേഖരത്തിൽ പുഴുക്കളെ തുരത്താൻ മരുന്നു പ്രയോഗം തുടങ്ങി. പുള്ളിലെ 360 ഏക്കർ പാടത്താണ് പട്ടാളപ്പുഴുക്കൾ നിറഞ്ഞത്. രണ്ട് ദിവസം മുമ്പ് ആലപ്പാട് പടവിൽ പുഴുക്കൾ നിറഞ്ഞപ്പോൾ പുള്ള് പ്രദേശങ്ങളിൽ ചിലയിടങ്ങളിൽ പുഴുക്കളെ കണ്ടിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ പുള്ള് പാട ശേഖരത്താകെ പുഴുക്കൾ നിറഞ്ഞു. നിലവിൽ പത്ത് പേരാണ് കൊറാജൻ മിശ്രിതം തളിക്കാൻ പാടത്തുള്ളത്. എല്ലായിടത്തും ഒരേ സമയത്ത് പുഴുക്കൾ എത്തിയതിനാൽ മരുന്നടിക്കാൻ ആളുകളെ കിട്ടാനും ബുദ്ധിമുട്ടുണ്ട് .ആലപ്പാട് പടവിൽ ഇതര സംസ്ഥാന തൊഴിലാളികളാണ് മിശ്രിതം തളിക്കുന്നത്.
പുള്ള് പാടശേഖരത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ മരുന്ന് തളിക്കായി എത്തിച്ച് രണ്ട് ദിവസത്തോടെ പുഴുക്കളെ പൂർണമായി തുരത്തുമെന്ന് പുള്ള് പടവ് കമ്മിറ്റി കൺവീനർ കെ.കെ സുബ്രഹ്മണ്യൻ പറഞ്ഞു . ആലപ്പാട് പുള്ള് സഹകരണ ബാങ്ക് ഡയറക്ടർ കെ.ബി റിജിത്, കമ്മിറ്റി മെമ്പർ സി. ജി പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മരുന്ന് തളി. പുള്ള് പടവിലേക്ക് വേണ്ട മരുന്നും , മരുന്നു തളിക്കുന്നവർക്ക് വേണ്ട കൂലിയും കൃഷി വകുപ്പ് നൽകാമെന്ന് ഏറ്റിട്ടുണ്ടെന്നും ഇവർ പറഞ്ഞു. . .