കുന്നംകുളം: നഗരത്തിന്റെ സ്വപ്ന പദ്ധതിയായ കുന്നംകുളത്തെ ആധുനിക ബസ് ടെർമിനലിന്റെ ശിലാസ്ഥാപനം നടന്നു. ടൗൺഹാളിൽ നടന്ന ചടങ്ങിൽ തദ്ദേശ വകുപ്പു മന്ത്രി എ.സി. മൊയ്തീൻ ശിലാസ്ഥാപനം നടത്തി. ഇത് മൂന്നാം തവണയാണ് ബസ് സ്റ്റാൻഡ് ശിലാസ്ഥാപനം നടക്കുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് കെ. കരുണാകരനും പിന്നീട് തോമസ് ഐസക്കും മുൻപ് ശിലാസ്ഥാപനം നടത്തിയിരുന്നു. വിവിധ കാരണങ്ങളാൽ മുടങ്ങിപ്പോയ നിർമ്മാണം നിലവിലെ എം.എൽ.എയായ എ.സി. മൊയ്തീന്റെ നയപരമായ ഇടപെടലാണ് നിർമ്മാണത്തിന് സഹായകരമായത്.

നഗരസഭയ്ക്ക് തനത് വരുമാനം ലഭിക്കുന്ന രീതിയിൽ പ്രാവർത്തികമാക്കുന്ന ബസ് സ്റ്റാൻഡ് കുന്നംകളത്തിന്റെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിനും ഒപ്പം വികസനത്തിനും കാരണമാകുമെന്നാണ് കണക്കുകൂട്ടൽ. ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ അദ്ധ്യക്ഷയായി. പി.കെ. ബിജു എം.പി മുഖ്യാതിഥിയായി. ചലച്ചിത്ര താരം വി.കെ. ശ്രീരാമൻ, വൈസ് ചെയർമാൻ പി.എം. സുരേഷ്, ടി.കെ. വാസു തുടങ്ങിയവർ സംബന്ധിച്ചു.

ബസ് സ്റ്റാൻഡ് നിർമ്മാണം പൂർത്തിയാകുന്നതുവരെ നിഴൽ പോലെ ഇതോടൊപ്പമുണ്ടാകും. അമ്പത് കോടി രൂപ ചെലവിൽ നഗരത്തിലെ സമാന്തര റോഡ് നിർമ്മാണം ഉടൻ ആരംഭിക്കും. കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളെ പുരനരധിവസിപ്പിക്കും. സർക്കാർ തലത്തിൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.

-മന്ത്രി എ.സി. മൊയ്തീൻ

ബസ് ടെർമിനൽ
 എ.സി. മൊയ്തീന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 4.35 കോടി രൂപ ഉപയോഗിച്ച് ആദ്യഘട്ടനിർമ്മാണം

 രണ്ടാം ഘട്ട പ്രവർത്തനത്തിന് നഗരസഭ അർബൻ ബാങ്കിൽ നിന്നും 8.5 കോടി രൂപ വായ്പയായി കണ്ടെത്തും

 എം.എൽ.എ ഫണ്ടിന്റെ 90 ശതമാനം തുകയും ഒരു പദ്ധതിക്കായി വിനിയോഗിക്കുന്നത് ചരിത്രത്തിലാദ്യം

 നാലു നിലകളിലുള്ള ബസ് ടെർമിനൽ ഷോപ്പിംഗ് കോപ്ലകസിന് മൊത്തം 2800 സ്വകയർ മീറ്റർ വിസ്തീർണ്ണം

 നിർമ്മാണച്ചുമതല വടകരയിലെ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക്, ഒരു വർഷത്തിനകം പൂർത്തിയാക്കും