free-kit-q
കിറ്റ് വാങ്ങാൻ ക്യൂ നില്‍ക്കുന്നവര്‍.

പുതുക്കാട്: പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി വെള്ളം കയറിയ വീട്ടുകാർക്ക് സർക്കാർ അനുവദിച്ച സൗജന്യ കിറ്റിൽ നൽകാൻ ആവശ്യത്തിന് വസ്തുക്കളില്ലാതെ ജീവനക്കാർക്ക് പഴി. മണിക്കൂറുകൾ ക്യൂ നിന്ന് എത്തുന്നവർക്ക് ആവശ്യാനുസരണം വസ്തുക്കൾ ലഭിക്കാതെ വരുമ്പോഴാണ് ജീവനക്കാർ പഴി കേൾക്കുന്നത്.

പുതുക്കാട്ടെ മാവേലി സ്റ്റോറിന് മുന്നിൽ പുലർച്ചെ മുതൽ ക്യൂ നിന്ന് സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് ആവശ്യത്തിന് വസ്തുക്കൾ കിട്ടുന്നില്ല. സൗജന്യ കിറ്റിലേക്ക് ആവശ്യമായ സാധനങ്ങൾ ജീവനക്കാർ തന്നെ പായ്ക്ക് ചെയ്യണം. കൂടാതെ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്കുള്ള അരിയും പലവ്യഞ്ജനങ്ങളും നൽകണം.

പായ്ക്ക് ചെയ്യാനും സാധനങ്ങൾ നൽകാനുമായി മാനേജർ ഉൾപ്പെടെ നാലു ജീവനക്കാരാണുള്ളത്. സാധരണ ദിവസങ്ങളിൽ തന്നെ അഞ്ഞൂറോളം പേരെത്തും. സൗജന്യകിറ്റ് വാങ്ങാൻ വരുന്നവർ തന്നെ ആയിരത്തിലധികമാണ്. പുതുക്കാട് പഞ്ചായത്തിനു പുറമെ, സമീപ പഞ്ചായത്തുകളിൽ നിന്നുള്ളവരും പുതുക്കാട് മാവേലി സ്റ്റോറിനെയാണ് ആശ്രയിക്കുന്നത്.

500 രൂപയിൽ കൂടുതൽ വരാത്ത നിലയിൽ സ്റ്റോറിലുള്ള വസ്തുക്കൾ സൗജന്യ കിറ്റിൽ നൽകാനാണ് ജീവനക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്. അരിയും പലവ്യഞ്ജനങ്ങളിൽ പലതും ഇല്ലെങ്കിലും സോപ്പ് ഉൾപ്പെടെ സ്റ്റോക്കുള്ള വസ്തുക്കൾ നൽകി ഫ്രീ കിറ്റുകാരെ തൃപ്തിപെടുത്തുകയാണ് ജീവനക്കാർ.

പല വില്ലേജ് ഓഫീസുകളിൽ നിന്നും സൗജന്യ കിറ്റിനായി നൽകുന്ന ടോക്കണുകളിൽ പലതിലും സീൽ പോലും ഇല്ല. വരുന്നവരെ ആരെയും മടക്കി വിടരുതെന്നാണ് ജീവനക്കാർക്കുള്ള നിർദേശം എന്നതിനാൽ സീൽ ഇല്ലാത്ത ടോക്കൺ കൊണ്ടുവന്നാലും ഉള്ളത് കൊടുക്കാൻ ജീവനക്കാർ നിർബന്ധിതരാകുകയാണ്.

അരി ഉൾപ്പെടെ അഞ്ചു വസ്തുക്കളാണ് സൗജന്യ കിറ്റിൽ നൽകേണ്ടത്. സൗജന്യം നൽകേണ്ട അരി തീർന്നാലും 500 രൂപയിൽ കൂടാതെ മറ്റു വസ്തുക്കൾ നൽകുമ്പോൾ സൗജന്യകിറ്റ് വാങ്ങാൻ വരുന്നവർ ജീവനക്കാരോട് വഴക്കടിക്കുകയാണ്. സൗജന്യ കിറ്റിൽ നൽകാൻ അരി ഉൾപ്പെടെയുള്ള വസ്തുക്കൾ അടിയന്തരമായി മാവേലി സ്റ്റോറിൽ ലഭ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.