ഗുരുവായൂർ: ഒരു കാലത്ത് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനായുള്ള സ്വാതന്ത്ര്യത്തിനായാണ് സത്യാഗ്രഹം നടത്തേണ്ടി വന്നതെങ്കിൽ ഇന്ന് വിശ്വാസം നിലനിറുത്താനായാണ് സമരം നടത്തേണ്ട ദുരവസ്ഥയിലാണ് കേരളമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.
ക്ഷേത്രപ്രവേശന വിളംബര വാർഷിക ആഘോഷത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഗുരുവായൂരിൽ സംഘടിപ്പിച്ച നവോത്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ സ്ത്രീ പ്രവേശനമാകാമെന്ന വിധി പ്രഖ്യാപിച്ച സുപ്രീം കോടതിയേക്കാൾ തിടുക്കമായിരുന്നു സംസ്ഥാന സർക്കാരിന് വിധി നടപ്പിലാക്കാൻ. കോടതി വിധി വന്നപ്പോൾ എല്ലാവരെയും കൂട്ടി യോജിപ്പിച്ച ഒരു സമവായത്തിലെത്താൻ സർക്കാർ ശ്രമിച്ചില്ല. ജെല്ലിക്കെട്ട് നിരോധിച്ചപ്പോൾ തമിഴ്‌നാട് സർക്കാർ ചെയ്തപോലെ എല്ലാവരെയും കൂടെ നിറുത്തി എങ്ങിനെ ഇതിനെ മറിക്കടക്കാമെന്ന് ആലോചിക്കാൻ പോലും സർക്കാർ തയ്യാറായില്ല. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബി.ജെ.പി പ്രവർത്തിക്കുന്നത്. ആചാര നിഷേധത്തിനെതിരെ സമരം നടത്തുന്ന പാർട്ടി ശബരിമലയിൽ ആചാരം നിഷേധിക്കുകയാണ് ചെയ്തത്.
സുപ്രീം കോടതി വിധിയെ മറികടക്കാൻ കേന്ദ്ര സർക്കാരിന് ഓർഡിനൻസ് പുറപ്പെടുവിക്കാമെന്നിരിക്കെ അതു ചെയ്യാതെ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുമെന്ന് പറയുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. കള്ളനോട്ട് മുഴുവൻ പിടിച്ചെടുക്കുമെന്ന് പറഞ്ഞ കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങി എല്ലാ കള്ളപ്പണക്കാരും രാജ്യം വിടുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ഡി.സി.സി പ്രസിഡന്റ് ടി.എൻ പ്രതാപൻ അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി. ബൽറാം, അനിൽ അക്കര എം.എൽ.എ, മുൻ എം.എൽ.എമാരായ ടി.യു രാധാകൃഷ്ണൻ, ടി.വി ചന്ദ്രമോഹനൻ, എം.പി വിൻസെന്റ്, പി.എ മാധവൻ, മുൻ ഡി.സി.സി പ്രസിഡന്റ് ഒ. അബ്ദുൾ റഹിമാൻകുട്ടി, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, പി.വി കൃഷ്ണൻ നായർ, ബാലചന്ദ്രൻ വടക്കേടത്ത്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡി.സി.സി ഭാരവാഹികളായ ജോസ് വള്ളൂർ, വി. വേണുഗോപാൽ, പി.കെ രാജൻ, പി. യതീന്ദ്രദാസ്, കെ.ഡി വീരമണി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ സി.എ ഗോപപ്രതാപൻ, വി.കെ ഫസലുൽ അലി എന്നിവർ സംസാരിച്ചു.