മാള: മാളയിൽ ശങ്ക തീർക്കാൻ പൊതു ഇടങ്ങളില്ലാതെ എല്ലാം സഹിച്ച് ജനം പൊറുതിമുട്ടുന്നു. മാള ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്ന ഉപയോഗ ശൂന്യമായ ആധുനിക ശൗച്യാലയം അടക്കമുള്ളവ പ്രളയമെടുത്തു. എന്നാൽ പ്രളയത്തിന് മുൻപുള്ള അവസ്ഥയും വ്യത്യസ്തമല്ലായിരുന്നു. കൊട്ടിഘോഷിച്ച് തുടങ്ങിയ ആധുനിക ശൗച്യാലയം തുടക്കം മുതൽ പണിമുടക്കിലായിരുന്നു.
നിലവിൽ ഉണ്ടായിരുന്ന പഴയ ശൗച്യാലയം പൊട്ടിപ്പൊളിഞ്ഞ് വൃത്തിഹീനമായി കിടന്നിരുന്നതാണ്. ഈ ശൗച്യാലയത്തെ പ്രളയം പൂർണമായി ഇല്ലാതാക്കിയിരുന്നു. ബസ് സ്റ്റാൻഡിലെത്തുന്ന നൂറുകണക്കിന് ആളുകൾക്ക് ദുരിതം നൽകുന്നതാണ് ശൗച്യാലയത്തിന്റെ അഭാവം.തകർന്ന ആധുനിക ശൗച്യാലയത്തെ മറയാക്കി പുരുഷന്മാർ കാര്യം സാധിക്കാൻ പോകുമ്പോൾ സ്ത്രീകൾക്കായി ഒരിടം ഇല്ലാത്ത അവസ്ഥയാണ്.
നൂറിലധികം ബസുകൾ എത്തുന്ന മാള പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ വർഷങ്ങളായുള്ള അവസ്ഥ ഇതാണ്. ബസ് സ്റ്റാൻഡിൽ എത്തുന്നവർ ശങ്ക തീർക്കാൻ മാള പഞ്ചായത്ത് ഓഫീസിലെ ശൗച്യാലയത്തെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. സ്ത്രീപക്ഷമെന്ന് വാദിക്കുന്ന നിരവധി സംഘടനകൾ ഉണ്ടെങ്കിലും ആരും തന്നെ ഈ വിഷയത്തിൽ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം.