തൃശൂർ: ശബരിമല വിഷയത്തിൽ വ്യക്തതയില്ലാത്ത നിലപാടാണ് സർക്കാരിന്റേതെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ. ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ യുവതികൾക്കും പ്രവേശനം നൽകണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ എന്തുകൊണ്ടാണ് 52 വയസ്സിന് മുകളിൽ പ്രായമുള്ള വനിതാ പൊലീസുകാരെ മാത്രം ശബരിമലയിൽ കൃത്യനിർവഹണത്തിന് നിയോഗിച്ചതെന്ന് വ്യക്തമാക്കണം.

വനിതാ പൊലീസിന്റെ തിരിച്ചറിയൽ കാർഡ് നോക്കി പ്രായം ഉറപ്പുവരുത്തിയ ശേഷമാണ് ശബരിമലയിൽ ഡ്യൂട്ടിക്ക് അനുവദിച്ചതെന്ന് പരസ്യമായി പറഞ്ഞിട്ടും ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കരിയെ തള്ളിപ്പറയാൻ സർക്കാരോ സി.പി.എമ്മോ തയ്യാറായിട്ടില്ല. വിഷയത്തിൽ ഒളിച്ചുകളി നടത്തുകയാണ് സർക്കാർ. സർക്കാരിന്റേത് എടുത്തുചാട്ടമാണ്. ശബരിമലയുമായി ബന്ധപ്പെട്ട് സമരം നടത്തുകയെന്നതല്ല കോൺഗ്രസ് നയം. അനിഷ്ടസംഭവങ്ങളില്ലാതെ ശബരിമലയെ കാത്തുസൂക്ഷിക്കുകയെന്നതാണ് കോൺഗ്രസ് തീരുമാനം.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയുടെ രഥയാത്ര ഡൽഹിയിലേക്കാണ് നടത്തേണ്ടിയിരുന്നത്. സുപ്രീംകോടതിയുടെ പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്ന് തുടർപരിപാടികളെക്കുറിച്ച് ആലോചിക്കും. ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ ഡോ. നിജി ജസ്റ്റിൻ, രാജേന്ദ്രൻ അരങ്ങത്ത്, ജോസഫ് ടാജറ്റ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.