palayur
പാലയൂർ മാർതോമ അതിരൂപത തീർത്ഥ കേന്ദ്രത്തിൽ വിശ്വാസ കവാടത്തിനരികെ തിരുകർമ്മങ്ങൾക്ക് മാർ ടോണി നീലങ്കാവിൽ മുഖ്യ കാർമ്മികത്വം വഹിക്കുന്നു.

ചാവക്കാട്: പാലയൂർ മാർതോമ അതിരൂപതാ തീർത്ഥ കേന്ദ്രത്തിൽ വിശ്വാസ കവാടം ദണ്ഡ വിമോചനം രണ്ടാം വാർഷികം ആഘോഷിച്ചു. ബോട്ടു കുളം കപ്പേളയിൽ തൃശൂർ അതിരൂപതാ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ പ്രതീകാത്മകമായി കൊടി ഉയർത്തിയതോടെ തിരുകർമ്മങ്ങൾക്ക് തുടക്കമായി.

ബോട്ടു കുളം കപ്പേളയിൽ നിന്നും പ്രദക്ഷിണമായി വന്ന് മാർ തോമാശ്ലീഹാ കുരിശ് സ്ഥാപിച്ചതിനെ സ്മരിച്ച് കുരിശ് പ്രതിഷ്ഠ നടത്തി. തുടർന്ന് ദൈവാലയത്തിൽ വിശുദ്ധ ബലി നടന്നു. ദിവ്യ ബലിക്കു ശേഷം തളിയ കുളത്തിലേക്ക് പ്രദക്ഷിണമായി പോയി തിരിച്ച്, ദൈവാലയത്തിൽ എത്തി തിരുശേഷിപ്പ് ആശീർവാദവും നടന്നു.

തിരുകർമ്മങ്ങൾക്ക് മാർടോണി നീലങ്കാവിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. റെക്ടർ ഫാ. ജോസ് പുന്നോലി പറമ്പിൽ, ഫാ. ജസ്റ്റിൻ തെയ്ക്കാനത്ത് എന്നിവർ സഹകാർമ്മികരായി. കൈക്കാരന്മാർ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. ദിവ്യബലിക്കു ശേഷം നേർച്ച കഞ്ഞി വിതരണം ഉണ്ടായിരുന്നു.