തൃശൂർ : റേഷൻ കാർഡിൽ ഉൾപ്പെട്ട കുടുംബാംഗങ്ങളിൽ ഒരാൾക്കെങ്കിലും സ്വന്തമായി വീടുണ്ടെങ്കിൽ ലൈഫ് മിഷൻ ഭവന പദ്ധതിയുടെ രണ്ടാംഘട്ട അർഹതാ പട്ടികയിൽ നിന്ന് പുറത്താകുമെന്ന മാനദണ്ഡം ജനങ്ങളെ വലയ്ക്കുന്നു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ അണുകുടുംബത്തിൽപ്പെട്ട മുഴുവൻ പേർക്കും വീടു നൽകാനുള്ള സാമ്പത്തിക ഭദ്രത സർക്കാരിനില്ലെന്നതാണ് കാരണം. സ്വന്തമായി ഭൂമിയില്ലാത്തവരും രണ്ടാംഘട്ടത്തിൽ പദ്ധതിയിൽ നിന്ന് പുറത്തായി. ഓല, ഷീറ്റ്, പലക തുടങ്ങിയവ കൊണ്ട് പകുതിയിലേറെ ഭാഗവും നിർമ്മിച്ച വാസയോഗ്യമല്ലാത്ത വീടുള്ളവരെ മാത്രം ഇനി ഭവനരഹിതരായി കണക്കാക്കിയാൽ മതിയെന്നാണ് തീരുമാനം. ഇത്തരം വീടുകളുള്ളവരാണോ രണ്ടാംഘട്ട പട്ടികയിൽ ഉൾപ്പെട്ടതെന്ന് തദ്ദേശസ്ഥാപന പ്രതിനിധികൾ ഉടൻ പരിശോധിക്കും.
ആദ്യഘട്ടത്തിൽ ജില്ലയിൽ അനുവദിച്ച 3,132 പേരിൽ ഭൂരിഭാഗം പേരുടെയും വീടുകളുടെ നിർമ്മാണം പൂർത്തിയായി. 2936 വീടുകളാണ് പൂർത്തികരിച്ചത്. 56 വീടുകൾകൂടി കാലാവധിക്കുള്ളിൽ പൂർത്തിയാകും. നിയമപ്രശ്‌നങ്ങളിൽ കുടുങ്ങി 140 വീടുകളുടെ നിർമ്മാണം അനിശ്ചിതാവസ്ഥയിലാണ്. ഇത് പരിഹരിക്കാനുള്ള നടപടികളിലാണ് ഉദ്യോഗസ്ഥർ.
ആദ്യ ഗഡു കൈപ്പറ്റിയ ശേഷം വീട് നിർമ്മിക്കാതെ മുങ്ങി നടക്കുന്ന ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇവരിൽ നിന്ന് പലിശ സഹിതം പണം തിരിച്ചുപിടിക്കും. പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ വീടും സ്ഥലവും ഇല്ലാത്തവരെയാണ് പരിഗണിക്കുന്നത്. അപേക്ഷകരിൽ യോഗ്യരായവരുടെ പട്ടിക ഇതുവരെ തയ്യാറാക്കിയിട്ടില്ല. 35,415 അപേക്ഷകളാണ് ലഭിച്ചത്.
സപ്‌ളിമെന്ററി പട്ടികയുണ്ട്
ഭൂമിയുണ്ടായിട്ടും റേഷൻ കാർഡിൽ പേരില്ലെന്ന കാരണത്താൽ പുറത്തായവർക്ക് പട്ടികയിൽ കയറാൻ ഇനിയും അവസരമുണ്ട്. ഇത്തരക്കാരുടെ പേരുകൾ ഒരു റേഷൻ കാർഡിലുമില്ലെന്ന് സിവിൽ സപ്‌ളൈസ് വകുപ്പുമായി ചേർന്ന് ഉറപ്പുവരുത്തി അർഹരായവരെ പട്ടികയിൽ ഉൾപ്പെടുത്താനാണ് നീക്കം. അപേക്ഷ നൽകുമ്പോൾ കൂട്ടുകുടുംബത്തിലെ റേഷൻ കാർഡിൽ ഉൾപ്പെട്ടതിന്റെ പേരിൽ ഒഴിവാക്കപ്പെട്ടവർക്കും തിരിച്ചുകയറാം. അപേക്ഷകന്റെ പേരിലുള്ള പുതിയ റേഷൻ കാർഡ് ഹാജരാക്കിയാൽ മതി. ഭവനരഹിതനാണെന്ന് ഉദ്യോഗസ്ഥർക്ക് ബോദ്ധ്യപ്പെടുകയും ചെയ്താൽ പട്ടികയിൽ ഉൾപ്പെടുത്തും.
രണ്ടാംഘട്ടത്തിലെ അപേക്ഷകർ 10,638
പട്ടികയിൽ ഇടം നേടിയവർ 5,575
വിവിധ കാരണങ്ങളാൽ പുറത്തായവർ 5,063
മൂന്നാംഘട്ടത്തിലെ അപേക്ഷകർ 3,541