അന്വേഷണം കേരള കൗമുദി വാർത്തയെ തുടർന്ന്
മാള : ഗുരുതര രോഗത്താൽ ദുരിതത്തിലായ കുട്ടികൾക്ക് സൗകര്യമൊരുക്കാൻ സാമൂഹിക ക്ഷേമ വകുപ്പ് നടപടി തുടങ്ങി. കുട്ടികൾക്ക് വിദ്യാലയത്തിലെത്തി പഠിക്കാൻ സഹായത്തിനായി ആയയെ നിയമിക്കുന്നതിനും സാമ്പത്തിക സഹായം ലഭ്യമാക്കാനുമാണ് സാമൂഹിക ക്ഷേമ വകുപ്പ് അന്വേഷണം നടത്തുന്നത്. മേലഡൂർ സർക്കാർ സമിതി ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളുടെയും അവരുടെ അമ്മമാരുടെയും ദുരിതാവസ്ഥ സംബന്ധിച്ച കേരള കൗമുദി വാർത്തയെ തുടർന്നാണ് നടപടി. ജില്ലാ ഓഫീസിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്ന് മാള സി.ഡി.പി.ഒ വി.ബി ജെസി മേലഡൂർ സർക്കാർ സമിതി ഹയർ സെക്കൻഡറി സ്‌കൂളിലെത്തി പരിശോധന നടത്തി.
ക്ലാസ് മുറിയോട് ചേർന്ന് ഇപ്പോൾ ശുചിമുറി ഒരുക്കിയിട്ടുണ്ടെന്നും അവർക്ക് ആവശ്യമായ പരിചരണം നൽകുന്നുണ്ടെന്നും എന്നാൽ ആയ ഇല്ലാത്തത് സംബന്ധിച്ച് റിപ്പോർട്ട് നൽകുമെന്നും വി.ബി ജെസി കേരള കൗമുദിയോട് പറഞ്ഞു. കുട്ടികളുടെയും അമ്മമാരുടെയും ദുരിതാവസ്ഥ സംബന്ധിച്ച കേരള കൗമുദി വാർത്ത കണ്ടാണ് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ അന്വേഷണത്തിന് നിർദേശിച്ചത്. കുട്ടികളുടെ ക്ലാസ് മുറിയോട് ചേർന്ന് ശുചിമുറികൾ നിർമ്മിക്കാനും ചാരിക്കിടന്ന് പഠിക്കാനും ചലിക്കാനും സൗകര്യമുള്ള ഇരിപ്പിടം ഒരുക്കാനും പത്ത് ലക്ഷം രൂപ എം.എൽ.എ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നു. കേരളകൗമുദി വാർത്തയെ തുടർന്ന് എം.എൽ.എ സ്‌കൂളിലെത്തിയിരുന്നു.
മേലഡൂർ സമിതി ഹയർസെക്കൻഡറി സ്‌കൂളിലെ പ്രത്യേക പരിഗണനയിൽ പഠിക്കുന്ന 28 കുട്ടികളിൽ അസ്‌ന ഷെറിൻ, അനുഗ്രഹ സിജു, ആഷേർ പി. ഡേവിഡ് എന്നിവരുടെ അവസ്ഥ കരളയിപ്പിക്കുന്നതാണ്. ഈ കുട്ടികളുടെ രോഗത്തിനുള്ള മരുന്ന് അടുത്തിടെ മാത്രമാണ് അമേരിക്കയിൽ കണ്ടെത്തിയത്. തുടർന്ന് കാനഡയിൽ വരെ ഇഞ്ചക്‌ഷൻ രൂപത്തിലുള്ള മരുന്ന് എത്തിയിട്ടുണ്ട്. എന്നാൽ മരുന്നുകൾ ഇന്ത്യയിലെത്തിക്കാനുള്ള സംവിധാനം പോലും നിലവിലില്ല. സ്പിൻഡ്രാസ എന്ന പേരിലുള്ള മരുന്നിന് ഒരു വർഷത്തെ ചികിത്സയ്ക്ക് ആറ് കോടിയോളം രൂപ വരും. ഏഴാം ക്ളാസിൽ പഠിക്കുന്ന മേലഡൂർ കുറ്റിമാക്കൽ ഷിയാദിന്റെയും അനീസയുടെയും മൂത്ത മകളായ അസ്‌ന ഷെറിന് ഒന്നര വയസിലാണ് സ്‌പൈനൽ മസ്‌കുലർ അട്രോഫിയാണ്. നട്ടെല്ലു വളഞ്ഞ് ശ്വാസകോശത്തെ ബാധിച്ച അവസ്ഥയിൽ അസ്‌നയ്ക്ക് ഏതാനും മാസം മുമ്പ് ശസ്ത്രക്രിയ നടത്തിയതിന് എട്ട് ലക്ഷം രൂപയോളം ചെലവ് വന്നിരുന്നു. ഇതേ ക്ലാസിലെ അനുഗ്രഹ സിജുവിന് സെറിബ്രൽ പാഴ്‌സി രോഗമായിരുന്നു. തലച്ചോറിൽ ഉണ്ടായ വൈകല്യമാണ് സെറിബ്രൽ പാഴ്‌സി രോഗം. മസ്‌കുലർ ഡിസ്‌ട്രോഫി രോഗം ബാധിച്ച ആഷേർ പി. ഡേവിഡ് ആറാം ക്ലാസിലാണ് പഠിക്കുന്നത്. മസിലുകൾ നശിക്കുന്ന ഈ അസുഖത്തിന് മരുന്നുകൾ ലഭ്യമല്ല. ഈ കുട്ടികളെ ചികിത്സിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരണമെങ്കിൽ മരുന്നുകൾ ലഭ്യമാക്കാൻ സർക്കാർ സംവിധാനം തന്നെ കനിയേണ്ടിയിരിക്കുന്നു.