asnan
അസ്നാൻ

തൃശൂർ: രക്താർബുദം ബാധിച്ചു വേദന തിന്നുന്ന അസ്‌നാൻ എന്ന അഞ്ചുവയസുകാരൻ തന്റെ രക്ഷകനെ കാത്തിരിക്കുകയാണ്. നാലുമാസത്തിനുള്ളിൽ ജനിതക സാമ്യമുള്ള ഒരു രക്തമൂലകോശ ദാതാവിനെ ലഭിച്ചാൽ ഈ അഞ്ചുവയസുകാരൻ പുഞ്ചിരിയോടെ ജീവിതത്തിലേക്ക് നടന്നടുക്കും. നൂറിലേറെ ക്യാമ്പ് നടത്തി നാല് ലക്ഷത്തോളം പേരുടെ സാമ്പിൾ ശേഖരിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. എങ്കിലും പ്രതീക്ഷയോടെ കമ്മിഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ വീണ്ടും

ക്യാമ്പ് നടത്തുകയാണ്. പടിയൂർ ഊളക്കൽ വീട്ടിൽ അക്ബർ-ഷാഹിന ദമ്പതികളുടെ മകൻ അഞ്ചുവയസുകാരൻ അസ്‌നാന് രക്താർബുദമാണെന്ന് ഒന്നരവയസിലാണ് തിരിച്ചറിയുന്നത്. നിറുത്താതെ കരച്ചിൽ, കഠിനമായ പനി. ശ്വാസതടസം. തൃശൂരും കൊച്ചിയിലും വെല്ലൂരിലുമുള്ള മെഡിക്കൽ കോളേജുകളിൽ നെട്ടോട്ടം. ഒടുവിൽ കൽക്കട്ട ടാറ്റാ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. മാമ്മൻചാണ്ടി അസ്‌നാന്റെ മജ്ജ മാറ്റിവയ്ക്കാൻ നിർദ്ദേശിച്ചു. കുടുംബത്തിൽ ആരുടേതും ഒത്തുവന്നില്ല. ഇപ്പോൾ ചെന്നൈയിലെ അപ്പോളോയിൽ കീമോതെറാപ്പിയിലാണ് അസ്‌നാൻ. ചില സമയങ്ങളിൽ ആരോഗ്യനില മോശമാകുന്നുമുണ്ട്.

രക്തമൂലകോശം

രക്തത്തിലുള്ള പലതരം കോശങ്ങളുടെ അടിസ്ഥാന കോശം ആണ് രക്ത മൂലകോശം അഥവാ വിത്തുകോശം എന്നറിയപ്പെടുന്നത്. മജ്ജയിലാണ് മൂലകോശങ്ങൾ ഉണ്ടാവുക. ജനിതക സാമ്യമുള്ള ഒരു രക്തമൂലകോശ ദാതാവിനെ ലഭിച്ചാൽ മാത്രമേ ഇത് മാറ്റിവയ്ക്കാൻ കഴിയൂ. പതിനായിരത്തിൽ ഒന്നു മുതൽ പത്തുലക്ഷത്തിൽ ഒന്നുവരെയാണ് പൊരുത്തമുള്ള മൂലകോശം ലഭ്യമാകാനുള്ള സാദ്ധ്യത. അഞ്ച് മിനിട്ടിനുള്ളിൽ ശരീരത്തിന് യാതൊരു പ്രശ്‌നവുമില്ലാതെ രക്തമൂലകോശ പരിശോധന നടത്താം. അണു വിമുക്തമായ പഞ്ഞി ഉൾക്കവിളിൽ ഉരസി എടുക്കുന്ന സൂക്ഷ്മകോശങ്ങൾ വിദഗ്ദ്ധ പരിശോധനയിൽ രോഗിക്ക് ചേരുന്നവയാണോ എന്നറിയാം. അനുയോജ്യമായെങ്കിൽ സാധാരണ രക്തദാനം ചെയ്യുന്നതുപോലെ രക്തമൂലകോശവും നൽകാം. 18 മുതൽ 50 വയസ് വരെയാണ് പ്രായപരിധി.

18ന് തൃശൂരിൽ

ചെന്നൈ ആസ്ഥാനമായ സന്നദ്ധസംഘടന 'ദാത്രി'യിൽ രജിസ്റ്റർ ചെയ്തവരാണ് നാലുലക്ഷം പേർ. അവരുടെ രക്തസാമ്പിളുകളുമായി ചേരില്ലെന്നാണ് വ്യക്തമായിട്ടുളളത്. വിവിധ ജില്ലകളിലായി അസ്‌നാനുവേണ്ടി നൂറിലേറെ ക്യാമ്പുകൾ 'ദാത്രി' നടത്തിക്കഴിഞ്ഞു. 18ന് രാവിലെ 9 മുതൽ 6 മണി വരെ തൃശൂർ ഗവ. മോഡൽ ബോയ്‌സ് ഹൈസ്‌കൂളിലാണ് അടുത്ത ക്യാമ്പ്. പങ്കെടുക്കാൻ വിളിക്കാം: അനീഷ് - 9633116446, ശ്രീകാന്ത്- 9656965965
.