തൃശൂർ: മുൻ മുഖ്യമന്ത്രി കെ. കരുണാകരനുമായി അടുത്ത് പ്രവർത്തിച്ചവരുടെ ഓർമ്മകൾക്കും ഭരണാധികാരി എന്ന നിലയിലുളള വികസനപ്രവർത്തനങ്ങൾക്കും അടിവരയിടുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി 'കരുണാസാഗരം" പ്രകാശനം ചെയ്തു. കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി ഒരുക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനം, ലീഡറുടെ ശിഷ്യനും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല നിർവഹിച്ചു. ആധുനികകേരളം സൃഷ്ടിച്ചതിൽ നിർണ്ണായക പങ്ക് വഹിച്ച ഭരണാധികാരിയായിരുന്നു കെ. കരുണാകരനെന്ന് അദ്ദേഹം പറഞ്ഞു.
കെ. കരുണാകരൻ സ്മാരക ട്രസ്റ്റിന്റെ അഭിമുഖ്യത്തിൽ ഡിസംബറിൽ കെ. കരുണാകരനും കേരളവും എന്ന വിഷയത്തിൽ സെമിനാർ നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ടി.എൻ പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. കരുണാകരന്റെ ജീവിതവഴികൾ കാണിക്കുന്ന ഫോട്ടോ പ്രദർശനവുമുണ്ടായിരുന്നു. സഹധർമ്മിണി കല്യാണിക്കുട്ടിയമ്മയുടെ വിയോഗത്തിൽ ദു:ഖം സഹിക്കാതെ വിതുമ്പി നിന്ന കരുണാകരനെ ആശ്വസിപ്പിക്കുന്ന വി.എസ് അച്യുതാനന്ദന്റെ ചിത്രവും ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയുമൊത്തുമുള്ള ചിത്രങ്ങളും അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. വിചാർവിഭാഗ് സംസ്ഥാന ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. തേറമ്പിൽ രാമകൃഷ്ണൻ ഡോക്യുമെന്ററി ശില്പികളെയും മുൻ മന്ത്രി കെ.പി വിശ്വനാഥൻ അവാർഡ് ജേതാക്കളെയും ആദരിച്ചു.
കരുണാസാഗരം സപ്ലിമെന്റ് പ്രകാശനം കെ.പി.സി.സി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ നിർവഹിച്ചു. ജില്ലാ ചെയർമാൻ ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി, വി. ബാലറാം, കാവിൽരാജ്, ടി.വി ചന്ദ്രമോഹൻ, എം.പി ഭാസ്‌കരൻ നായർ, ഒ. അബ്ദുറഹിമാൻകുട്ടി, ജോസഫ് ചാലിശ്ശേരി, ജോസ് വള്ളൂർ, ഡോ. അജിതൻ മേനോത്ത്, ഷാജി കോടങ്കണ്ടത്ത്, ഡോ.പി.വി കൃഷ്ണൻ നായർ, വിജയ് തെക്കൻ, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, സി.എൽ ജോസ് സംസാരിച്ചു.. ..