ഇരിങ്ങാലക്കുട : അതിർത്തിയിൽ പാക് സൈന്യത്തിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ച ധീര ജവാൻ ലാൻസ് നായിക് ആന്റണി സെബാസ്റ്റ്യന്റെ സംസ്കാരം മുരിയാട് എംപറർ ഇമ്മാനുവലിൽ നടന്നു. ഇന്നലെ രാവിലെ എട്ടിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ജില്ലാ കളക്ടർ, ബന്ധുക്കൾ, മുൻ സൈനികർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഡൽഹിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചത്. സുബേദാർ വിശ്വമോഹന്റെ നേതൃത്വത്തിലുള്ള നാല് സൈനികർ മൃതദേഹത്തെ അനുഗമിച്ചു. കൊച്ചിയിൽ നിന്ന് ഉദയംപേരൂരിലെ 'യേശുഭവൻ' വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം വൈകിട്ട് മൂന്ന് വരെ പൊതുദർശനത്തിന് വച്ചു. തുടർന്ന് ഇരിങ്ങാലക്കുട മുരിയാട് എംപറർ ഇമ്മാനുവലിൽ എത്തിച്ചു. വൈകിട്ട് 5.30ന് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
സംസ്കാര ശുശ്രൂഷകൾക്ക് പ്രധാന പുരോഹിതൻ ഫാ. ബിനോയ് മണ്ഡപത്തിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഡോ. ജോസഫ് വില്ലി, നവീൻ പോൾ, മറ്റു സഭ ശുശ്രൂഷകരും നേതൃത്വം നൽകി. കറുകയിൽ പരേതനായ മൈക്കിളിന്റെയും ഷീലയുടെയും മകനാണ് ആന്റണി സെബാസ്റ്റ്യൻ. ഭാര്യ: അന്ന ഡയാന ജോസഫ്. ഏകമകൻ രണ്ടാം ക്ലാസുകാരനായ എയ്ഡൻ മൈക്കിൾ. കാശ്മീരിൽ നിയന്ത്രണരേഖയ്ക്ക് സമീപം കൃഷ്ണഘട്ടി സെക്ടറിൽ തിങ്കളാഴ്ച വൈകിട്ട് പാക് സൈന്യം നടത്തിയ ആക്രമണത്തിലാണ് വെടിയേറ്റത്. 18-ാം വയസിൽ സൈന്യത്തിൽ ചേർന്ന ആന്റണി സെബാസ്റ്റ്യൻ 16 വർഷത്തെ രാജ്യസേവനം അവസാനിപ്പിച്ച് അടുത്ത മാർച്ചിൽ മടങ്ങാനിരിക്കവേയാണ് വീരമൃത്യു വരിച്ചത്.