തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടിയിലായ കഞ്ചാവ് മൊത്തവ്യാപാരി ഷറഫുദീൻ കഞ്ചാവ് വാങ്ങിയിരുന്നത് ആന്ധ്രയിലെ മാവോയിസ്റ്റ് മേഖലയിൽ നിന്ന്. കിലോയ്ക്ക് നാലായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ അറുപതിനായിരം രൂപയ്ക്ക് വിൽക്കും. പിടികൂടിയ കഞ്ചാവിന് ആറ് ലക്ഷത്തോളം വിലവരും. ചാവക്കാട്, ഗുരുവായൂർ മേഖലയിൽ ചെറുകിട കഞ്ചാവ് കച്ചവടക്കാരിൽ നിന്ന് പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.
ദിവസങ്ങളോളം പ്രതിയെ ക്രൈംബ്രാഞ്ച് സംഘം പിന്തുടർന്നു. ഒഡീഷയിലേക്ക് കഞ്ചാവ് വാങ്ങാൻ പോയിട്ടുണ്ടെന്ന വിവരം ലഭിച്ചപ്പോൾ മുതൽ ഷറഫുദീൻ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വില കൂടിയ സ്യൂട്ട്‌കേസുമായി മാന്യമായ വസ്ത്രം ധരിച്ചാണ് പ്രതി റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയത്. പൊലീസിനും റെയിൽവേ പൊലീസിനും സംശയം തോന്നാതിരിക്കാനാണ് സെയിൽസ് മാനെപ്പോലെ വസ്ത്രം ധരിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എ.സി ബസിലും റിസർവ്ഡ് കമ്പാർട്ട്‌മെന്റിലുമായിരുന്നു യാത്ര ചെയ്തിരുന്നത്.