തൃശൂർ: പൊലീസും എക്സൈസും പിടികൂടുന്ന കഞ്ചാവിന്റെ ഭൂരിഭാഗവും വിൽക്കാനിരുന്നത് തീരദേശങ്ങളിലെ വിദ്യാർത്ഥികൾ അടങ്ങുന്ന ലഹരിസംഘങ്ങൾക്ക്. ചാവക്കാട് മേഖലയിൽ വിൽപ്പനയ്ക്ക് കൊണ്ടുവന്ന 11 കി.ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിലായതോടെ കടലോരത്ത് സ്ഥിരം രാപ്പകൽ പരിശോധന നടത്താനൊരുങ്ങുകയാണ് പൊലീസ്. പൊന്തക്കാടുകളും വിജനമായ സ്ഥലങ്ങളും ആൾത്താമസമില്ലാത്ത വീടുകളുമാണ് കഞ്ചാവ്-മദ്യ മാഫിയകളുടെ താവളം.

ജില്ലയിൽ കൂടുതൽ കഞ്ചാവ് എത്തുന്ന തീരദേശം ചാവക്കാടാണ്. ഒഴിഞ്ഞ സ്ഥലങ്ങൾ ഉള്ളതിനാലാണിത്. ഒരു വർഷത്തിനിടയിൽ നൂറു കിലോയിലേറെ കഞ്ചാവാണ് വലപ്പാട്, ചാവക്കാട് എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയത്. പ്ളസ്ടു- കോളേജ് വിദ്യാർത്ഥികളാണ് ഇരകളിൽ ഏറെയും. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ താക്കീത് ചെയ്ത് വിടുന്ന സംഭവങ്ങളും നിരവധിയുണ്ട്. റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞയിടങ്ങളിലും സംഘങ്ങൾ തമ്പടിക്കുന്നുണ്ട്. ഇവരെ പൊലീസ് ജീപ്പുമായി ഒാടിച്ചിട്ട് പിടികൂടാറുമുണ്ട്. കഴിഞ്ഞവർഷം വലപ്പാട് കോതകുളം ബീച്ചിൽ രണ്ട് വാഹനത്തിൽ നിന്നായി 70 കിലോ കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടത്താൻ ശ്രമിച്ച നാല് പേരും അറസ്റ്റിലായി. വാഹനങ്ങളുടെ രഹസ്യ അറയിലും ഡിക്കിയിലുമായി പൊതികളായാണ് ഇവർ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

 മാവോയിസ്റ്റ് കേന്ദ്രങ്ങൾ വഴി

തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കഴിഞ്ഞദിവസം പിടിയിലായ മൊത്തവ്യാപാരി ഷറഫുദീൻ കഞ്ചാവ് വാങ്ങിയിരുന്നത് ആന്ധ്രയിലെ മാവോയിസ്റ്റ് മേഖലയിൽ നിന്നാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും കഞ്ചാവ് കൃഷി വ്യാപകമാണ്. ഉയർന്ന ലഹരിക്കായി കഞ്ചാവ് ചെടിയുടെ ഇല, പൂവ്, തണ്ട്, കായ് എന്നിവ ഉണക്കിയാണ് വിൽപനയ്ക്ക് കൊണ്ടുവരുന്നത്. വരുന്ന മാസങ്ങളിൽ കഞ്ചാവ് പൂക്കുന്ന കാലമാണ്. അതുകൊണ്ടു തന്നെ കഞ്ചാവ് കടത്തും വ്യാപകമാകുമെന്നാണ് പൊലീസിന്റെ നിഗമനം.

 വാങ്ങുമ്പോൾ 4000, വിൽക്കുമ്പോൾ 60,000

മാസം ചുരുങ്ങിയത് 15 കി.ലോഗ്രാം കഞ്ചാവ് നാട്ടിലെത്തിക്കുമെന്നാണ് ഷറഫുദീൻ പൊലീസിന് നൽകിയ മൊഴി. വർഷങ്ങളായി നൂറുകണക്കിന് കിലോഗ്രാം കഞ്ചാവ് ഇയാൾ വിറ്റിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കിലോയ്ക്ക് നാലായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ അറുപതിനായിരം രൂപയ്ക്ക് വിൽക്കും. പിടികൂടിയ കഞ്ചാവിന് ആറ് ലക്ഷത്തോളം വില വരും. ചാവക്കാട്, ഗുരുവായൂർ മേഖലയിൽ ചെറുകിട കഞ്ചാവ് കച്ചവടക്കാരിൽ നിന്ന് പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ദിവസങ്ങളോളം പ്രതിയെ ക്രൈംബ്രാഞ്ച് സംഘം പിന്തുടർന്നു.

ഒഡീഷയിലേക്ക് കഞ്ചാവ് വാങ്ങാൻ പോയിട്ടുണ്ടെന്ന വിവരം ലഭിച്ചപ്പോൾ മുതൽ ഷറഫുദീൻ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വില കൂടിയ സ്യൂട്ട്‌കേസുമായി മാന്യമായ വസ്ത്രം ധരിച്ചാണ് പ്രതി റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയത്. പൊലീസിനും റെയിൽവേ പൊലീസിനും സംശയം തോന്നാതിരിക്കാനാണ് സെയിൽസ് മാനെപ്പോലെ വസ്ത്രം ധരിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എ.സി ബസിലും റിസർവ്ഡ് കമ്പാർട്ട്‌മെന്റിലുമായിരുന്നു യാത്രചെയ്തിരുന്നത്. ചാവക്കാട്ട് രണ്ട് കഞ്ചാവ് കേസിലും വടക്കേക്കാട് ബൈക്ക് കത്തിച്ച കേസിലും പ്രതിയാണ്. ചാവക്കാട് വത്സൻ കൊലപാതകത്തെ തുടർന്നുള്ള കലാപത്തിലെ പ്രതിയുമാണ്. പൊന്നാനിയിലും ഇയാൾക്കെതിരെ കേസുണ്ട്.

പരിശോധന ശക്തമാക്കും

''തീരദേശത്ത് കഞ്ചാവ് വിൽപ്പനയും ഉപയോഗവും കൂടിയതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ശക്തമായ പരിശോധനയും റെയ്ഡും ഇൗ മേഖലയിൽ ഉണ്ടാകും."

- എം.കെ പുഷ്കരൻ (റൂറൽ എസ്.പി.)