തൃശൂർ : പ്രളയത്തെ തുടർന്ന് ജില്ലയിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിലെ വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീടു നൽകുന്നതുമായി ബന്ധപ്പെട്ട് ആ മേഖലയിലെ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ അനുമതി നൽകുകയുള്ളൂവെന്ന് ജില്ലാ കളക്ടർ ടി.വി. അനുപമ. മറ്റ് വാസയോഗ്യമായ സ്ഥലങ്ങൾ കണ്ടെത്തി അവരെ അവിടേക്ക് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരികയാണെന്നും കളക്ടർ ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന പഞ്ചായത്ത് സെക്രട്ടറിമാർ, എക്‌സിക്യൂട്ടീവ് എൻജിനിയർമാർ എന്നിവരുടെ അവലോകനയോഗത്തിൽ വ്യക്തമാക്കി.

ഉരുൾപൊട്ടലിൽ 19 പേർ മരിക്കാനിടയായ കുറാഞ്ചേരി, പുത്തൂർ, നടത്തറ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ സാഹചര്യം വിലയിരുത്തിയ പശ്ചാത്തലത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് റവന്യൂ ഭൂമി നൽകുന്നതോടൊപ്പം പഞ്ചായത്ത് ഭൂമിയും അനുവദിച്ച് നൽകുമെന്നും കളക്ടർ അറിയിച്ചു. കുന്നിന് മുകളിൽ മഴക്കുഴി നിർമ്മിക്കരുതെന്നും കളക്ടർ വ്യക്തമാക്കി. പ്രളയത്തിൽ തകർന്ന വീടുകളുടെ നഷ്ടം കണക്കാക്കി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും കളക്ടർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.


പുത്തൂർ, നടത്തറ പഞ്ചായത്തുകളിലെ പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനുള്ള സാദ്ധ്യത ഇനിയും നിലനിൽക്കുന്നതായി സീനിയർ ജിയോളജിസ്റ്റ് എം. രാഘവൻ അറിയിച്ചു. മലയോര മേഖലയിൽ വാസയോഗ്യമായ സ്ഥലത്ത് വീടുവയ്ക്കാനുള്ള ഭാഗങ്ങളിൽ നിന്ന് മാത്രം മണ്ണെടുത്താൽ മതി. മണ്ണിടിച്ചിൽ തടയുന്നതുമായി ബന്ധപ്പെട്ട് മണ്ണെടുക്കുന്നതിന്റെ അളവ് എൻജിനീയർമാർ പരിശോധിക്കണം. വീടുകൾക്ക് പിറകിലുള്ള കുന്നുകൾ കുത്തനെ ഇടിക്കരുത്. വനത്തിനുള്ളിൽ നിന്നും മണ്ണെടുക്കുന്നത് അവസാനിപ്പിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. . . .