മാള; സർപ്പാരാധനാ കേന്ദ്രങ്ങളിലൊന്നായ വടമ പാമ്പും മേയ്ക്കാട്ട് മനയിൽ വൃശ്ചികം ഒന്നിന് ദർശനത്തിനായി ആയിരങ്ങളെത്തും. മണ്ഡലമാസത്തിന് തുടക്കം കുറിച്ച് നിരവധി അയ്യപ്പന്മാരാണ് രാവിലെ മുതൽ മനയിൽ എത്തുക. തിരക്ക് നിയന്ത്രിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. രാവിലെ മുതൽ തന്നെ ഒരു കിലോമീറ്ററോളം നീണ്ട നിര മുൻ വർഷങ്ങളിൽ പതിവായിരുന്നു. സർപ്പബലിയും കദളിപ്പഴ നിവേദ്യവുമാണ് മനയിലെ പ്രധാനപ്പെട്ട വഴിപാട്. കൂടാതെ വെള്ള നിവേദ്യം, കൂട്ടുപായസം, പാൽപ്പായസം, മഞ്ഞൾപ്പൊടി ചാർത്തൽ, വിളക്ക് വെയ്ക്കൽ, നാഗ പ്രതിഷ്ഠ, പുഷ്പാഞ്ജലി, പ്രതിമ പൂജ, അഭിഷേകം, തുലാഭാരം, ചോറൂണ് എന്നിവയാണ് മറ്റു വഴിപാടുകൾ.
കാവുകളും വൻ വൃക്ഷങ്ങളും നിറഞ്ഞ മനയിലെ കിഴക്കിനിയിലാണ് നാഗസാന്നിദ്ധ്യമുള്ളത്. മനയിലെ ആചാരമനുസരിച്ച് മലയാള മാസം ഒന്നാം തീയതി എല്ലാ വിഭാഗം ഭക്തർക്കും ദർശനം അനുവദിക്കുന്നുണ്ട്. കൂടാതെ കന്നിമാസത്തിലെ ആയില്യം, മീനമാസത്തിലെ തിരുവോണം മുതൽ ഭരണി വരെയുള്ള ദിവസങ്ങൾ, മേടമാസം പത്താം തിയതി എന്നീ ദിവസങ്ങളിലാണ് എല്ലാ വിഭാഗം ജനങ്ങളെയും കിഴക്കിനിയിൽ ദർശനത്തിന് അനുവദിക്കുന്നത്. . . .