കൊരട്ടി: പുഴയ്ക്കായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു ഡോ. എ. ലതയുടേത്. പുഴയുടെ ജീവൻ നിലനിറുത്താൻ വേണ്ടി സ്വജീവിതം ഹോമിച്ച പരിസ്ഥിതിപ്രവർത്തകയായ ഡോ. എ. ലത ഓർമയായിട്ട് ഒരാണ്ട് പിന്നിടുന്നു. പുഴയെക്കുറിച്ചും ആവാസവ്യവസ്ഥയെക്കുറിച്ചുമുള്ള പഠനങ്ങൾക്ക് വലിയ സംഭാവന നൽകിയ വനിതയായിരുന്നു ലത.
പുഴകളെക്കുറിച്ച് ആധികാരികമായി പറയാൻ കഴിയുന്ന ഇന്ത്യയിലെ തന്നെ അപൂർവം വ്യക്തികളിൽ ഒരാളായിരുന്നു പുഴയുടെ താളം തെറ്റാതിരിക്കാൻ സർക്കാർ ജോലി രാജിവച്ച ഈ പ്രകൃതിസ്‌നേഹി. ലത ജീവിച്ചത് പുഴകൾക്ക് വേണ്ടിയായിരുന്നെന്ന് അറിയുന്ന ആരും സമ്മതിക്കും. പുഴകളെക്കുറിച്ച് നിരവധി ക്ലാസുകൾ, സെമിനാറുകൾ, പ്രബന്ധങ്ങൾ എന്നിവയെല്ലാം ലതയുടെ സംഭാവനയാണ്.
പുഴയൊഴുകും വഴിയിൽ
പല സംസ്ഥാനങ്ങളിലും നദികളെ കുറിച്ച് സർവേ നടത്തി. മെക്‌സിക്കോയിൽ ഇന്റർനാഷണൽ റിവേഴ്‌സ് സംഘടിപ്പിച്ച സെമിനാറിൽ സ്ത്രീ, പുഴ, ഡാം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ ഏറെ വാദിച്ചതും പദ്ധതിക്കെതിരെ ശാസ്ത്രീയ തെളിവുകളും വസ്തുതകളും നിരത്തിയതും ലത തന്നെയായിരുന്നു.
ചാലിശ്ശേരിയിലും വല്ലച്ചിറയിലും കൃഷി ഓഫീസറായി ജോലി നോക്കിയതിന് ശേഷം 2000 ത്തിലാണ് രാജി വയ്ക്കുന്നത്. സ്വന്തം സ്ഥലം തുറവൂർ ആയിരുന്നെങ്കിലും എറണാകുളത്തായിരുന്നു കൂടുതൽ കാലവും. കാർഷിക സർവകലാശാലയിൽ ഗവേഷണത്തിനിടെ പരിചയപ്പെട്ട കൊടകര കാവിൽ വാരിയത്ത് ഉണ്ണിക്കൃഷ്ണന്റെ ജീവിതസഖിയായി ലത മാറിയതിനു പിന്നിലും കാടിന്റെയും പുഴയുടെയും പറഞ്ഞാൽ തീരാത്ത കഥകളുണ്ട്.
ഏറെ ശാന്തമായാണ് രണ്ട് പതിറ്റാണ്ടിലേറെയായി ആ ജീവിതപ്പുഴ ഒഴുകിക്കൊണ്ടിരുന്നത്. അവസാന നാളുകളിൽ അർബുദം ശരീരത്തെ കടന്നുപിടിച്ചപ്പോഴും പരിസ്ഥിതിക്കും ആവാസവ്യവസ്ഥക്കും വേണ്ടി വചസ്സും വപുസ്സും ഹോമിക്കുകയായിരുന്നു ലത എന്ന ഈ പുഴകളുടെ കൂട്ടുകാരി. സ്വച്ഛന്തം ഒഴുകുന്ന പുഴകളായിരുന്ന ഡോ. എ. ലതയുടെ ഏറ്റവും വലിയ സ്വപ്നം.