തൃശൂർ: ഉയർന്ന പ്രീമിയം തുക നിശ്ചയിച്ചതോടെ ക്ഷീരകർഷകർക്കുള്ള ക്ഷീരസാന്ത്വനം ഇൻഷ്വറൻസ് പദ്ധതിയോട് കർഷകർ മുഖം തിരിക്കുന്നു. 17 ബ്‌ളോക്കുകളിലായി 6000ൽ അധികം ക്ഷീര കർഷകരുള്ള ജില്ലയിൽ മൂവായിരം പേരെ പദ്ധതിയിൽ ഉൾപ്പെടുത്താനായിരുന്നു തീരുമാനം. പത്തിന് അവസാന തീയതി കഴിഞ്ഞപ്പോൾ നൂറിൽ താഴെ കർഷകരാണ് പദ്ധതിയിൽ അംഗമായത്. ആള് കുറഞ്ഞതോടെ അപേക്ഷ സമർപ്പിക്കേണ്ട തീയതി 19 ലേക്ക് നീട്ടി.

ഈ സമയത്ത് ലക്ഷ്യമിട്ടത്രയും കർഷകരെ അംഗങ്ങളാക്കാനുള്ള സാദ്ധ്യത കുറവായതിനാൽ തീയതി ഇനിയും നീട്ടിയേക്കും. പഴയ ഇൻഷ്വറൻസ് പദ്ധതിയേക്കാൾ ഗുണവും ആശ്വാസവും നൽകുന്നതുമാണ് ക്ഷീരസാന്ത്വനം. ഇക്കാര്യം ക്ഷീരകർഷകരെ ബോദ്ധ്യപ്പെടുത്തുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ച പദ്ധതിക്ക് തിരിച്ചടിയായി. 6,500 രൂപയാണ് പ്രിമീയം അടയ്‌ക്കേണ്ടത്.

പ്രളയവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി ബാധിച്ച ക്ഷീരമേഖലയിലെ കർഷകർക്ക് ഇത്രയും തുക പ്രീമിയമായി അടയ്ക്കാൻ കഴിയില്ലെന്നാണ് ഒരു വിഭാഗത്തിന്റെ അക്ഷേപം. മാള, ചാലക്കുടി, പഴയന്നൂർ, ഒല്ലൂർ, വെള്ളാങ്കല്ലൂർ എന്നീ ബ്‌ളോക്കുകളിലാണ് ജില്ലയിൽ കൂടുതൽ ക്ഷീരകർഷകരുള്ളത്. കൂടുതൽ കർഷകരുള്ള മാളയിലാണ് പ്രളയത്തിന്റെ ദുരിതം കൂടുതൽ. ഇതുവരെ 20 ഓളം കർഷകരാണ് ഇവിടെ അംഗങ്ങളായതെന്ന് ക്ഷീരവികസന വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസ് അറിയിച്ചു. മറ്റുള്ള സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ ക്ഷീര കർഷക സംഘങ്ങൾക്ക് അപേക്ഷ ഫോം നൽകിയിട്ടുണ്ടെങ്കിലും കർഷകർ താത്പര്യം പ്രകടിപ്പിക്കുന്നില്ല.

പദ്ധതി ഗുണങ്ങൾ

മിൽമ കഴിഞ്ഞവർഷം തുടങ്ങിയ ഇൻഷ്വറൻസ് പദ്ധതി നിറുത്തിവയ്പ്പിച്ചാണ് ക്ഷീരസാന്ത്വനം വന്നത്. ആരോഗ്യ സുരക്ഷാ പോളിസി, അപകട സുരക്ഷാ പോളിസി, ഗോസുരക്ഷാ പോളിസി എന്നിവയാണ് ഇതിലുള്ളത്. 80 വയസ് വരെയുള്ള അംഗങ്ങൾ ഉൾപ്പെട്ട കുടുംബത്തിന് ഒരു ലക്ഷം രൂപ വരെയാണ് ആരോഗ്യ സുരക്ഷാ പോളിസി ഉറപ്പ് നൽകുന്നത്. അസുഖങ്ങൾക്ക് 50,000 രൂപ ചികിത്സാ സഹായം ലഭിക്കും. കർഷകർ അപകടത്തിൽ മരിക്കുകയോ ശാരീരിക വൈകല്യമുണ്ടാവുകയോ ചെയ്താൽ അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്നതാണ് അപകട സുരക്ഷാ പോളിസി. കന്നുകാലികൾക്ക് പരിരക്ഷ ഉറപ്പാക്കുന്നതാണ് ഗോ സുരക്ഷാ പോളിസി.

പദ്ധതിയാർക്ക്

ക്ഷീര സഹകരണ സംഘത്തിൽ 2017 ഒക്ടോബർ ഒന്നു മുതൽ 2018 സെപ്തംബർ 30 വരെ പാലളന്നിട്ടുള്ളതും ക്ഷീരകർഷക ക്ഷേമനിധിയിലേക്ക് അംശാദായം അടയ്ക്കുന്നതുമായ കർഷകർക്കാണ് പദ്ധതിയിൽ അംഗത്വം ലഭിക്കുന്നത്.

ബോധവത്കരണം നടത്തും

പദ്ധതിയുടെ ഗുണങ്ങൾ കൂടുതൽ കർഷകരിലേക്കെത്തിയിട്ടില്ല. ബോധവത്കരണത്തിലൂടെ കൂടുതൽ പേരെ അംഗങ്ങളാക്കാനാണ് തീരുമാനം

മിനി രവീന്ദ്രൻ (ഡെപ്യൂട്ടി ഡയറക്ടർ ക്ഷീര വികസന വകുപ്പ് )

ജില്ലയിൽ പാലളക്കുന്ന ക്ഷീര കർഷകർ 6,000

പദ്ധതിയിൽ അംഗങ്ങളാക്കാൻ ലക്ഷ്യമിടുന്നത് 3,000

ഇതുവരെ അംഗങ്ങളായത് 100ൽ താഴെ