vegetable

തൃശൂർ: വിഷമില്ലാത്തതെന്ന ആശ്വാസത്തോടെ ജൈവപച്ചക്കറി വാങ്ങി ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; അവയിലും കീടനാശിനിയുടെ സാന്നിദ്ധ്യമുണ്ടാകാം. ഏഴു ജില്ലകളിലായി ജൈവ ലേബലിൽ വിൽക്കുന്ന 497 പച്ചക്കറി സാമ്പിളുകളിൽ വെള്ളായണി കാർഷിക കോളേജ് നടത്തിയ പരിശോധനയിൽ 27 എണ്ണത്തിലാണ് സംസ്ഥാനത്ത് നിരോധിക്കപ്പെട്ട കീടനാശിനികളുടെ സാന്നിദ്ധ്യമുള്ളത്.

പൊതുവിപണി, സ്വകാര്യ ജൈവപച്ചക്കറി മാർക്കറ്റ്, കർഷകർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് സാമ്പിൾ ശേഖരിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന കീടനാശിനികളുടെ സാന്നിദ്ധ്യം ചില സാമ്പിളുകളിൽ അനുവദനീയമായതിലും കൂടുതലാണ്. ചുവപ്പ് ചീര, ബീൻസ്, പച്ചമുളക്, വെള്ളരി, പടവലം, പയർ, അയമോദകം, കാശ്മീരി മുളകുപൊടി എന്നിവയിലാണ് കീടനാശിനി കണ്ടെത്തിയത്. ഉഗ്രവിഷം എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തിയവയാണ് കണ്ടെത്തിയ കീടനാശിനികളിൽ ഭൂരിഭാഗവും. കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയ ഭൂരിഭാഗം വിളകളും കേരളത്തിന് പുറത്ത് കൃഷി ചെയ്യുന്നവയാണ്.

സുഗന്ധവ്യഞ്ജനങ്ങളിലും കീടനാശിനി കണ്ടെത്തിയിട്ടുണ്ട്. കർഷകരിൽ നിന്ന് ശേഖരിച്ച പടവലം, പാവയ്ക്ക എന്നിവയിലും സാന്നിദ്ധ്യമുണ്ട്. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലും നിർദ്ദേശത്തിലും കൃഷി ചെയ്ത് ഇക്കോ ഷോപ്പ് വഴി വിൽക്കുന്ന പച്ചമുളക്, പടവലം എന്നിവയിലെ ഓരോ സാമ്പിളുകളിലും കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത് ഞെട്ടലുളവാക്കിയിട്ടുണ്ട്.

കീടനാശിനി സാന്നിദ്ധ്യം

പച്ചക്കറികളിലേത്: -
ലാംബ്ഡാ സൈഹാലോത്രിൻ, ക്യുനാൽഫോസ്, എത്തയോൺ
സുഗന്ധവ്യഞ്ജനങ്ങളിലേത്:- മാലത്തയോൺ, ക്യുനാൽഫോസ്, പ്രൊഫെനോഫോസ്, എത്തയോൺ, ബൈഫെൻത്രിൻ, ഫെൻപ്രൊപ്പാത്രിൻ

സാന്നിദ്ധ്യം ഇങ്ങനെ

പൊതുവിപണി 7.6%
സ്വകാര്യ ജൈവപച്ചക്കറി മാർക്കറ്റ് 11.11%
കർഷകർ 3.89%

സാമ്പിൾ ശേഖരിച്ച ജില്ലകൾ


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കോഴിക്കോട്

 കർഷകർക്കുള്ള ശുപാർശകൾ

1. ശുപാർശ ചെയ്ത അളവിൽ മാത്രം കീടനാശിനി ഉപയോഗിക്കുക.
2. കായ്കൾ രൂപപ്പെട്ടതിനു ശേഷം കീടനാശിനി പ്രയോഗം ഒഴിവാക്കുക.
3. ജൈവകീടനാശിനികളുടെ ഉപയോഗം കൂട്ടുക.
5. സംയോജിത കീടനിയന്ത്രണ മാർഗം അവലംബിക്കുക.

'ജൈവപച്ചക്കറി'എന്ന് ബ്രാൻഡ് ചെയ്ത് വിൽക്കുന്ന 11.2% ത്തോളം പച്ചക്കറികളിൽ വിവിധതരത്തിലെ കീടനാശിനികൾ കണ്ടെത്തിയത് ഗുരുതരമായ പ്രശ്‌നമായി കണക്കിലെടുത്ത് സത്വര നടപടി സ്വീകരിക്കണം- കാർഷിക സർവകലാശാല