തൃശൂർ: പടിഞ്ഞാറെക്കോട്ട ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായി പീടികമുറികൾ കോർപറേഷൻ പൊളിച്ചുമാറ്റി. അയ്യന്തോൾ റോഡിൽ നിന്ന് പടിഞ്ഞാറെക്കോട്ടയിലേക്കുള്ള റോഡ് ജംഗ്ഷൻ ഭാഗത്തുള്ള 16 കടമുറികളുള്ള കെട്ടിടമാണ് പൊളിച്ചു നീക്കിയത്. റിംഗ് റോഡ് പദ്ധതിയനുസരിച്ച് 50 വർഷമായി ജംഗ്ഷൻ വികസനത്തിന് നഗരസഭ നടപടികൾ തുടങ്ങിയെങ്കിലും ഈ കെട്ടിടം തടസമായി നിൽക്കുകയായിരുന്നു.
എൽ.ഡി.എഫ് ഭരണ നേതൃത്വം സ്ഥലമുടമയുമായി ചർച്ച നടത്തി സ്ഥലം വിലയ്ക്ക് വാങ്ങിയും വ്യാപാരികളുമായി ചർച്ച നടത്തി മുഴുവൻ പേർക്കും പുനരധിവാസം നൽകിയുമാണ് ജംഗ്ഷൻ വികസനത്തിന് സാദ്ധ്യത ഒരുക്കിയത്. ഈ കെട്ടിടങ്ങൾ പൊളിക്കാത്തതിനാൽ മോഡൽ റോഡ് വികസനവും പാതിവഴിയിലായിരുന്നു.
രാജൻ പല്ലൻ മേയറായിരിക്കേ പടിഞ്ഞാറെക്കോട്ടയിൽ തെക്ക് കിഴക്കേ മൂലയിൽ ഒഴിപ്പിച്ചെടുത്ത സ്ഥലത്ത് പുതുതായി നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്‌ളക്‌സിലാണ് 16 വ്യാപാരികൾക്കും പുനരധിവാസം ഒരുക്കിയത്. നാലുനില കെട്ടിടത്തിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.
ഇതിൽ താഴത്തെ നിലയിലാണ് ഇവർക്ക് പുനരധിവാസം. പണി പൂർത്തിയാക്കാത്ത കെട്ടിടത്തിൽ വൈദ്യുതി കണക്‌ഷൻ നൽകാതെ ഷട്ടർ പോലും സ്ഥാപിക്കാത്ത മുറികളിലേക്ക് പുനരധിവാസം നൽകുന്നത് നഗരത്തിൽ ആദ്യമാണ്. ഒരാഴ്ച മുമ്പ് കട ഉടമകൾക്ക് മുറികൾ അനുവദിച്ച് ഇന്ന് തന്നെ ഒഴിഞ്ഞുപോകണമെന്ന് കോർപറേഷൻ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. അസൗകര്യങ്ങൾ നിറഞ്ഞ സ്ഥലത്ത് കച്ചവടം നടത്തുന്നതിൽ വ്യാപാരികൾക്ക് മുറുമുറുപ്പുണ്ടെങ്കിലും കോർപറേഷന്റെ നിലപാട് അവരും അംഗീകരിക്കുകയായിരുന്നു. കടകളിലെ സാധന സാമഗ്രികൾ കഴിഞ്ഞ ദിവസം വ്യാപാരികൾ മാറ്റി. പൊളിക്കൽ ഉദ്ഘാടനം മേയർ അജിത ജയരാജൻ നിർവഹിച്ചു. അനൂപ് ഡേവിസ് കാട, പി. സുകുമാരൻ, സുനിത വിനോദ് തുടങ്ങി കൗൺസിലർമാരും സന്നിഹിതരായി. അനർഹരായവർക്ക് പുനരധിവാസം അനുവദിച്ചുവെന്നു മറ്റും ആരോപിച്ച് കോൺഗ്രസ് പാർലമെന്റ് പാർട്ടി നൽകിയ കേസ് കോടതിയിലും നിലവിലുണ്ട്.