തൃശൂർ: മാസ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് റെയിൽവേ സ്റ്റേഷനിലെ ക്‌ളീനിംഗ് തൊഴിലാളികൾ കുത്തിയിരിപ്പ് സമരം നടത്തി. ഒക്ടോബർ മാസത്തെ ശമ്പളം ഇന്നലെ വരെ ലഭിച്ചില്ലെന്ന് സമരക്കാർ പരാതിപ്പെട്ടു. ഓണത്തിന് ലഭിക്കേണ്ട ബോണസും ലഭിച്ചില്ല. 465 രൂപയാണ് ഒരാളുടെ വേതനം. ഇ.എസ്.ഐ, പി.എഫ് എന്നിവയുടെ വിഹിതം കഴിച്ച് 399 രൂപയാണ് പ്രതിദിന ശമ്പളം. ഇ.എസ്.ഐയും പി.എഫും കൃത്യമായി കരാറുകാരൻ അടയ്ക്കുന്നില്ല.
പല തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് സൂചന സമരത്തിനിറങ്ങിയതെന്ന് സമരക്കാർ പറഞ്ഞു. റെയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടറുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ വൈകിട്ടോടെ സമരം അവസാനിപ്പിച്ചു. ഇന്നലെ വൈകിട്ടോടെ മുഴുവൻ പേർക്കും ശമ്പളം ലഭിച്ചു. ബോണസ് ഉടൻ നൽകാമെന്നും കരാറുകാരൻ ഉറപ്പ് നൽകി. ഈ മാസം 30ന് ഉള്ളിൽ ബോണസ് ലഭിച്ചില്ലെങ്കിൽ ഒന്നിന് നോട്ടീസ് നൽകി അനിശ്ചിതകാലസമരം നടത്തുമെന്നും നേതാക്കൾ പറഞ്ഞു.
റെയിൽവേയുടെ വീഴ്ച
നിശ്ചിത സമയത്ത് പണം അനുവദിക്കുന്നതിൽ റെയിൽവേയുടെ ഭാഗത്ത് നിന്നുള്ള വീഴ്ച മൂലമാണ് യഥാസമയം ശമ്പളം നൽകാൻ കഴിയാത്തതെന്ന് കരാറെടുത്ത ഡൈനാമിക് കമ്പനിയുടമ രമേശ് യാദവ് പറഞ്ഞു. തൃശൂർ ഉൾപ്പെടെ അഞ്ചു സ്റ്റേഷന്റെ ക്‌ളീനിംഗ് കരാറാണ് കമ്പനി എടുത്തത്. ഇതിൽ എറണാകുളം സ്റ്റേഷന്റേത് മാത്രം രണ്ടു കോടി രൂപ ലഭിക്കാനുണ്ടെന്നും രമേശ് പറഞ്ഞു.