എരുമപ്പെട്ടി: വേലൂരിന്റെ കലാപാരമ്പര്യത്തിന് ഒരുപൊൻ തൂവൽ കൂടി. ശിൽപ്പ നിർമ്മാണത്തിൽ പിതാവിന്റെ പാത പിൻതുടർന്ന് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയാണ് വേലൂർ സ്വദേശി ജോയ്‌സൺ. പിതാവ് കൂടിയായ പ്രശസ്ത ശിൽപ്പി ജോൺസൺ വേലൂരിന്റെ സഹായിയായി പ്രവർത്തിച്ചാണ് ജോയ്‌സൺ ശിൽപ്പ നിർമ്മാണ ലോകത്തേക്ക് പ്രവേശിക്കുന്നത്.
ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ജോയ്‌സൺ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശിൽപ്പങ്ങളുടെ തോഴനാവുന്നത്. 2010 ൽ വേലൂർ ഗവ. ഹൈസ്‌കൂളിൽ സ്ഥാപിച്ച ഗാന്ധി ശിൽപ്പം, 2016ൽ തൃശൂർ രാമവർമ്മപുരം വിജ്ഞാൻ സാഗർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ സയൻസ് മ്യൂസിയത്തിൽ സ്ഥാപിച്ച അബ്ദുൾ കലാമിന്റെ ശിൽപ്പം, 2017ൽ വേലൂർ പഴയങ്ങാടി ദേവാലയത്തിൽ നിർമ്മിച്ച അർണോസ് ചുമർശിൽപ്പം എന്നിവയുടെ നിർമ്മാണത്തിൽ പ്രാവീണ്യം തെളിയിച്ചു.
മാതാവിന്റെ വിവിധ വലുപ്പത്തിലും രൂപങ്ങളിലുമുള്ള ശിൽപ്പങ്ങളും, യേശുക്രിസ്തു, തിരുകുടുംബം എന്നിവയാണ് പ്രധാനമായി നിർമ്മിക്കുന്നത്. കളിമണ്ണിൽ ശില്പമുണ്ടാക്കി പ്ലാസ്റ്റർ ഓഫ് പാരീസിൽ താത്കാലിക ഡൈയെടുത്ത് അവസാന മിനുക്ക് പണികൾക്ക് ശേഷം ഫൈബർ ഗ്ലാസിൽ സ്ഥിര ഡൈ തയ്യാറാക്കി അതിൽ നിന്നാണ് ശിൽപ്പങ്ങൾ മോൾഡ് ചെയ്യുന്നത്. ചെറിയ ശില്പങ്ങൾ രൂപഭംഗി വരുത്തുന്നത് ശ്രമകരമാണെന്ന് ജോയ്‌സൺ പറയുന്നു.
അന്ത്യ അത്താഴം, ക്രിസ്തുവിന്റെ മലയിലെ പ്രസംഗം, തിരുഹൃദയം തുടങ്ങിയ ചുമർശിൽപ്പങ്ങൾ നിർമ്മിക്കുന്ന തിരക്കിലാണ് ജോയ്‌സൺ ഇപ്പോഴുള്ളത്. ഇതിനിടെ മരത്തിൽ ശിൽപ്പം നിർമ്മിക്കുന്നതിന്റെ ശ്രമവും നടത്തുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ പടികൾ ചവിട്ടി കയറുമ്പോഴും കലയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ജോയ്‌സണെ ശിൽപ്പ നിർമ്മാണ രംഗത്തിലെ നാഴികകല്ലാക്കി മാറ്റുന്നത്.