ചാലക്കുടി: കോടശേരി കോർമലയിൽ പ്രവർത്തിക്കുന്ന അനധികൃത പന്നിഫാമിന് പഞ്ചായത്ത് സെക്രട്ടറി ഒത്താശ ചെയ്തു കൊടുക്കുന്നുവെന്ന് സംസ്ഥാന മനുഷ്യവകാശ സംരക്ഷണ കേന്ദ്രം ഭാരവാഹികൾ. 15 വർഷമായി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പന്നിഫാം നാടിന് ശാപമായി മാറിയിരിക്കുകയാണ്. പന്നിവളർത്തലിന് പുറമെ മാംസം അറക്കലും വിൽപ്പനയുമെല്ലാം ഈ കേന്ദ്രത്തിൽ അളവറ്റ രീതിയിൽ നടക്കുന്നുണ്ട്. ഇതെല്ലാം ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസമായിട്ടും വർഷങ്ങളും പിന്നിട്ടിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

ഇതിനെതിരെ നിരവധിതവണ പരാതികളും നൽകി. ആരോഗ്യ വകുപ്പിന് നൽകിയ പരാതിയിൽ പന്നിഫാം അടച്ചു പൂട്ടണമെന്ന് ഉത്തരവുണ്ടായെന്നും ഇതു നടപ്പാക്കാതെ പഞ്ചായത്ത് ഭരണസമിതി മുന്നോട്ടു പോവുകയാണെന്നും ഭാരവാഹികൾ വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ ഉത്തരവ് നടപ്പാക്കത്തതിന് പിന്നിൽ പഞ്ചായത്ത് സെക്രട്ടറിയാണെന്ന് ഇവർ ആരോപിച്ചു. ജനറൽ സെക്രട്ടറി ജോയ് കൈതാരത്ത്, ഡയറക്ടർ കെ.വി. ജോസഫ്, വി.പി. ജോബിൾ, സാജു പോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.