ചെറുതുരുത്തി: കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാലയിൽ വികസനത്തിന്റെ രജതരേഖ തെളിഞ്ഞു. കെടുകാര്യസ്ഥതയിൽ നിന്നും കലയുടെ രംഗഭൂമിയെ മോചിപ്പിക്കുകയെന്ന ദൗത്യവുമായി ചുമതലയേറ്റ പുതിയ വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റ ശേഷം ഒട്ടേറെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. എക്കാലത്തും വിദ്യാർത്ഥികളുടെ പരാതിക്ക് ഇടനൽകിയിരുന്ന ഭോജന ശാല നൂറു ശതമാനം അത്യാധുനികമാക്കി. കഴിഞ്ഞ ദിവസം ഉദ്ഘാടനവും നടന്നു.
പ്രവൃത്തികൾ പൂർത്തിയായ ശേഷം ഡിസംബർ അവസാനമോ ജനുവരി ആദ്യമോ ഭോജന ശാല പൂർണ്ണമായ രീതിയിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ വിദ്യാർത്ഥികളുടെ നിരന്തരമായ മുറവിളിക്ക് പരിഹാരമാകും. ഭക്ഷണത്തിനാവശ്യമായ പച്ചക്കറികളിൽ നല്ലൊരു ശതമാനവും കാമ്പസിനകത്തു തന്നെ ഉദ്പാദിപ്പിക്കാൻ അക്കാഡമിക് കോ- ഡിനേറ്റർ ഗോപകുമാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ പച്ചക്കറിത്തോട്ടവും ആരംഭിച്ചു.
കലാമണ്ഡലത്തിനു മുൻവശത്ത് കോടികൾ ചെലവഴിച്ച് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പണി തീർത്ത രംഗകലാ മ്യൂസിയത്തിനും ജീവൻ വച്ചുതുടങ്ങി. ദക്ഷിണേന്ത്യൻ കലാരൂപങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സജ്ജീകരിക്കുന്നതിന് അഞ്ച് കോടി രൂപ കൂടി അനുവദിച്ചതും ഈ ഭരണ സമിതിയുടെ നേട്ടമാണ്. കലാ സാംസ്‌കാരിക പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയ രംഗകലാ മ്യൂസിയവും ഇതോടെ യാഥാർത്ഥ്യമാകും.
നാൽപ്പതിനായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയുടെ പുതിയ കെട്ടിടവും നേട്ടങ്ങളുടെ പട്ടികയിൽ പെടുന്നു. സർക്കാരിന്റെ ഭാഗത്തു നിന്നും വലിയ തോതിലുള്ള പിന്തുണയും സഹകരണവുമാണ് കലാമണ്ഡലത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ കേരളകൗമുദിയോടു പറഞ്ഞു. എന്നാൽ നേട്ടങ്ങൾക്കിടയിലും പരിമിതികളും പരാധീനതകളും ഒട്ടേറെയുണ്ട്. ജീവനക്കാരുടെ താമസം, കുട്ടികളുടെ ഹോസ്റ്റൽ സംവിധാനം, സീറ്റുകളുടെ വർദ്ധന എന്നിവയെല്ലാം ഇനിയും നടപ്പിലാക്കേണ്ടുന്ന ദൗത്യവും ഭരണ സമിതിക്കുണ്ട്.
വികസന പാതയിൽ
ഡിസംബർ അവസാന വാരത്തോടെ ഭോജനശാല പ്രവർത്തനം തുടങ്ങും
ഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ കലാമണ്ഡലത്തിൽ ഉത്പാദിപ്പിക്കും
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങിയ രംഗകലാ മ്യൂസിയം പുരോഗമിക്കുന്നു
40000ൽ അധികം പുസ്തകങ്ങളുള്ള പുതിയ ലൈബ്രറി കെട്ടിടം നിർമ്മിക്കുന്നു
ഭോജനശാലയിൽ
പുതിയ ഭോജനശാലയിൽ ബൊഫെ സംവിധാനം ഏർപ്പെടുത്തും
പാചകവാതകം ഒഴിവാക്കി സ്റ്റീം അടുപ്പ് ഉപയോഗിച്ച് പാചകം
കാമ്പസിൽ നിന്നും ലഭിക്കുന്ന വിറക് പരമാവധി പ്രയോജനപ്പെടുത്തും
ബയോഗ്യാസ് പ്ലാന്റും സ്ഥാപിക്കും, പരിസര മലിനീകരണം തടയും