പാവറട്ടി: വൃശ്ചികപ്പിറവിയോടെ കാവുകളിലും ക്ഷേത്രങ്ങളിലും കളമെഴുത്ത് പാട്ടിന് തുടക്കം. കിരാത സുനുവായ വേട്ടയ്‌ക്കൊരു മകൻ, ഭഗവതി, അയ്യപ്പൻ തുടങ്ങിയ ദേവരൂപങ്ങൾക്കും ദേവതാ സങ്കൽപ്പങ്ങൾക്കുമാണ് പ്രകൃതിദത്തമായ വർണ്ണപ്പൊടികൾ കൊണ്ട് കളങ്ങളിലൂടെ ദൃശ്യവിസ്മയം തീർക്കുന്നത്. ക്ഷേത്രങ്ങളിലെ പ്രധാന മൂർത്തിയെ നിലത്തെഴുതി ആരാധിക്കുന്ന പ്രാചീന സമ്പ്രദായം ഇന്നും ക്ഷേത്രങ്ങളിൽ ആചരിച്ചു വരുന്നു.

പഞ്ചവർണ്ണ പൊടികളായ അരിപ്പൊടി, മഞ്ഞൾപ്പൊടി, കൃഷ്ണപ്പൊടി, പച്ചിലപ്പൊടി എന്നിവയാണ് വർണ്ണങ്ങളായി ഉപയോഗിക്കുന്നത്. ഉമി ക്കരിച്ചു കിട്ടുന്ന കരിയാണ് കറുപ്പ് നിറം അതാണ് കൃഷ്ണപ്പൊടി. മഞ്ചാടി അല്ലെങ്കിൽ കുന്നിവാകയുടെ ഇല ഉണക്കിപ്പൊടിച്ചാണ് പച്ചിലപ്പൊടി ഉണ്ടാക്കുന്നത്. ആദ്യം അരിപ്പൊടി കൊണ്ട് വരയ്ക്കുന്ന രൂപത്തിന്റെ രേഖാചിത്രം വരയ്ക്കുന്നു. അതിനുശേഷം മഞ്ഞനിറവും പിന്നീട് ചുവപ്പ് നിറവും പച്ച നിറവും അവസാനം കറുപ്പ് നിറവും കൊടുക്കുന്ന രീതിയിലാണ് കളമെഴുത്ത് കലാകാരൻമാർ കളം വരയ്ക്കുന്നത്. മഞ്ഞൾപ്പൊടിയിൽ ചുണ്ണാമ്പു ചേർത്താണ് ചുവപ്പ് നിറം ഉണ്ടാക്കുന്നത്.

പെരുവല്ലൂർ ശ്രീകോട്ട വേട്ടയ്‌ക്കൊരു മകൻ ക്ഷേത്രം, തോളൂർ വൈശ്യം കാവ്, ഗുരുവായൂർ ആലിക്കൽ ക്ഷേത്രം, പതിയാർ കുളങ്ങര ഭഗവതി ക്ഷേത്രം, തായങ്കാവ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ഇന്നും കളമെഴുത്ത് സമ്പ്രദായം മുറതെറ്റാതെ ആചരിച്ചുവരുന്നു. പെരുവല്ലൂർ കോട്ട വേട്ടയ്‌ക്കൊരു മകൻ ക്ഷേത്രത്തിൽ വേട്ടക്കൊരു മകന്റെ കളമെഴുത്ത് പാട്ടാണ് നടത്തുന്നത്. നാല് പതിറ്റാണ്ടായി കളമെഴുത്ത് രംഗത്തുള്ള ആറ്റൂർ കല്ലാറ്റ് കൃഷ്ണദാസ് ആണ് ഇവിടെ കളം വരക്കുന്നത്.

പതിയാർ കുളങ്ങര ക്ഷേത്രത്തിൽ ഭഗവതിയാണ് കളം. കലാമണ്ഡലം ഹരിദാസ് ആണ് കളം വരയ്ക്കുന്നത്. ആലിക്കൽ ക്ഷേത്രത്തിൽ ബ്രഹ്മരാക്ഷസന്റ കളമാണ് വരയ്ക്കുന്നത്. തായങ്കാവ് ക്ഷേത്രത്തിൽ അയ്യപ്പന്റെ ശാസ്ത രൂപമാണ് അയ്യപ്പൻ തീയ്യാട്ടിന്റെ ഭാഗമായി ചെയ്യുന്നത്. പരമ്പരാഗതമായി കല്ലാറ്റ് കുറുപ്പന്മാരാണ് ക്ഷേത്രത്തിൽ പാരമ്പര്യമായി കളം വരയ്ക്കുന്നത്. കളംപാട്ടിന് പ്രാരംഭ ചടങ്ങായി പവിത്രമായ കൂറയിടൽ ചടങ്ങാണ് ആദ്യം.

കളം വരയ്ക്കുന്നതിന്റെ മുകളിൽ പൂജിച്ച പട്ട് ഇടുന്ന ചടങ്ങാണ് കൂറയിടൽ ചടങ്ങ്. കളമെഴുത്തിന് പ്രത്യേകം കോമരങ്ങൾ ഉണ്ട്. അവർ കളത്തിനു ചുറ്റും പ്രദക്ഷിണം വച്ച് കളം മായ്ക്കുന്നതോടെ കളംപാട്ടിനു സമാപ്തി ആകും. കളം പാട്ടിനു പ്രത്യേക രീതിയിൽ ഊടും പാവും ചെണ്ട കൊട്ടിയാണ് കോമരം ചുവടു വയ്ക്കുന്നത്.

ഗവേഷണം അനിവാര്യം

മദ്ധ്യകേരളത്തിൽ കളമെഴുത്ത് പാട്ടെന്ന അനുഷ്ഠാന കലാരൂപം അതിന്റെ തനിമയും ആചാരവും നിലനിറുത്തി പോരുന്നത് അതിന്റെ കലാവിശുദ്ധി കൊണ്ടാണ്. ഈ രംഗത്ത് ഇനിയും ഗവേഷണം അനിവാര്യമാണ്.

- എം. നളിൻ ബാബു, ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം സീനിയർ അദ്ധ്യാപകൻ