തൃശൂർ: ശബരിമല വിഷയത്തിൽ ഹിതപരിശോധന നടത്തേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ അനാവശ്യ വ്യഗ്രതയാണ് സ്ഥിതി രൂക്ഷമാക്കിയതെന്നും കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സംസ്ഥാന കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ. ഗുരുവായൂർ ക്ഷേത്രപ്രവേശന വിഷയത്തിന് സമാനമായി ശബരിമല വിഷയത്തിൽ ഹിതപരിശോധന നിർദ്ദേശമാണ് സുപ്രീംകോടതി നൽകേണ്ടിയിരുന്നത്.
ദേശീയപാതയോരത്ത് മദ്യശാലകൾ ഒഴിവാക്കണമെന്ന സുപ്രീംകോടതി വിധി അട്ടിമറിച്ച പിണറായി സർക്കാർ ശബരിമല വിഷയത്തിൽ വിധി നടപ്പാക്കാനായി അനാവശ്യ തിടുക്കമാണ് കാട്ടിയത്. പക്വതയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന വിഷയം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചതാണ് സ്ഥിതി രൂക്ഷമാക്കിയത്. മുഖ്യമന്ത്രിയുടെ നിലപാട് സുപ്രീംകോടതി വിധിയോടുള്ള ആദരമായി കാണാനാകില്ല. സുപ്രീംകോടതി വിധികൾ പലതും അട്ടിമറിക്കാൻ ശ്രമിച്ച അനുഭവമാണ് മുഖ്യമന്ത്രിയിൽ നിന്നുണ്ടായിട്ടുള്ളത്. അന്ധമായ കോൺഗ്രസ് വിരോധമാണ് പിണറായിയും ശ്രീധരൻ പിള്ളയും പുലർത്തുന്നത്. ബി.ജെ.പി നടത്തുന്നത് പ്രഹസന സമരമാണ്. ആചാര്യന്മാരടങ്ങുന്ന കമ്മിഷൻ ശബരിമല വിഷയം പരിശോധിക്കേണ്ടതായിരുന്നു. സർവകക്ഷി യോഗവും ചർച്ചയും വിധി വന്നയുടനെ നടത്തേണ്ടതായിരുന്നുവെന്നും സുധീരൻ ആരോപിച്ചു.
അസോസിയേഷൻ പ്രസിഡന്റ് എൻ.കെ. ബെന്നി അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ കെ.പി. ജോസ് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ഇ.എൻ. ഹർഷകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഇന്ന് രാവിലെ പത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.പിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ സംസാരിക്കും. പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉദ്ഘാടനം ചെയ്യും.