തൃശൂർ: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കർമ്മ സമിതിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ പൂർണ്ണം. ഇന്നലെ പുലർച്ചെ ആഹ്വാനം ചെയ്ത ഹർത്താൽ ആയതിനാൽ ജനം വലഞ്ഞു. സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. ഹർത്താലിന്റെ ഭാഗമായി നഗരത്തിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു.
നഗരത്തിൽ നടന്ന പ്രകടനത്തിന് ഹിന്ദു ഐക്യവേദി സെക്രട്ടറി പി. സുധാകരൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ജനറൽ സെക്രട്ടറി അഡ്വ. കെ.കെ അനീഷ് കുമാർ, വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രൻ ഐനിക്കുന്നത്ത്, രവികുമാർ ഉപ്പത്ത്, ബി.എം.എസ് ജില്ലാ ട്രഷറർ പി.വി സുബ്രഹ്മണ്യൻ, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി പി.ആർ ഉണ്ണി, ആർ.എസ്.എസ് ജില്ലാ കാര്യവാഹ് കലേഷ്, കെ.വി ഉണ്ണിക്കൃഷ്ണൻ, കൗൺസിലർ കെ. മഹേഷ്, കെ. കേശവദാസ്, ഹരി മുള്ളൂർ, സി.കെ മധു, മനേഷ്, പരമേശ്വരൻ, മുരളി കോളങ്ങാട്ട് , ഇ.എം ചന്ദ്രൻ, ഷാജൻ ദേവസ്വം പറമ്പിൽ എന്നിവർ നേതൃത്വം നൽകി. ഹർത്താലാഹ്വാനം അറിയാതെ പുലർച്ചെ മുതൽ വാഹനങ്ങൾ സാധാരണ പോലെ ഓടി തുടങ്ങിയെങ്കിലും ഏതാനും മണിക്കൂറുകൾക്കകം സ്തംഭിച്ചു.
ഹർത്താലനുകൂലികൾ വ്യാപകമായി വാഹനം തടഞ്ഞു. നിരവധി പേരെ പലയിടത്ത് നിന്നായി പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹന ഗതാഗതം ഇതോടെ പൂർണ്ണ സ്തംഭനത്തിലായി. കടകമ്പോളങ്ങളൊന്നും തുറന്നില്ല. ശബരിമലയ്ക്കുള്ള വാഹനങ്ങൾക്ക് തടസമുണ്ടായിരുന്നില്ല. കെ.എസ്.ആർ.ടി.സി ബസുകൾ പൊലീസ് സംരക്ഷണത്തിൽ ചില സർവീസുകൾ നടത്തിയതൊഴിച്ചാൽ വാഹന ഗതാഗത പൂർണ്ണമായും തടസപ്പെട്ടു. രാവിലെ തൃശൂർ കെ.എസ്.ആർ.ടി.സിക്ക് മുന്നിൽ ബസ് തടഞ്ഞ് മൂന്ന് പേരെ പൊലീസ് നീക്കി. കെ.എസ്.ആർ.ടി.സി സർവീസ് ഇല്ലാതായതോടെ റെയിൽവേ സ്‌റ്റേഷനിൽ വൻ തിരക്ക് അനുഭവപ്പെട്ടു. പേരാമംഗലം, പുതുക്കാട്, വിയ്യൂർ, ചാലക്കുടി തുടങ്ങി സ്ഥലങ്ങളിലെല്ലാം വാഹനങ്ങൾ തടഞ്ഞവരെ പൊലീസ് നീക്കം ചെയ്തു.
ചാലക്കുടിയിൽ വാഹനം തടഞ്ഞവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹർത്താൽ ആനുകൂലികൾ ചാലക്കുടി പൊലീസ് സ്റ്റേഷനിലേക്ക് ഉപരോധസമരം നടത്തി.
ഇന്നലെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മാറ്റിവെച്ചു. ടൗൺ ഹാളിൽ വെള്ളിയാഴ്ച്ച ആരംഭിച്ച യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനവും പൊതുസമ്മേളനവും മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി യു.എൻ.എ ഭാരവാഹികൾ അറിയിച്ചു. ഇരിങ്ങാലക്കുടയിൽ ആരംഭിച്ച ശാസ്ത്രമേള ഇന്ന് നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.