എരുമപ്പെട്ടി: സഹപ്രവർത്തകന് സ്നേഹ സാന്ത്വനം നൽകി ഡ്രൈവേഴ്സ് കൂട്ടായ്മ. വാഹന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന എരുമപ്പെട്ടി മണ്ടംപറമ്പ് സ്വദേശി സജീവന് ആൾ കേരള ഡ്രൈവർ ഫ്രീക്കേഴ്സ് വാട്സ് ആപ് ആൻഡ് ഫെയ്സ് ബുക്ക് കൂട്ടായ്മയാണ് ധനസഹായം നൽകിയത്. ഒരുമാസം മുൻപ് സേലത്തുണ്ടായ വാഹന അപകടത്തിലാണ് സജീവന് പരിക്ക് പറ്റിയത്. നട്ടെല്ലിനും കാലിന്റെ എല്ലിനും പൊട്ടലുണ്ടായതിനെ തുടർന്ന് സജീവനെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എഴുന്നേറ്റ് നടക്കാൻ കഴിയാത്തതിനാൽ ഇപ്പോൾ വീട്ടിൽ കിടന്നാണ് ചികിത്സ തുടരുന്നത്. ഈ സാഹചര്യത്തിലാണ് കൂട്ടായ്മയായ എ.കെ.ഡി.എഫ് സജീവന് സഹായവുമായി എത്തിയത്. സംസ്ഥാന വ്യാപകമായുള്ള സംഘടനയുടെ ജില്ലാ കമ്മിറ്റിയാണ് ധന സമാഹരണം നടത്തിയത്. സംസ്ഥാന, ജില്ലാ അഡ്മിൻമാർ സജീവന്റെ വീട്ടിലെത്തി ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. അനീഷ് എറണാംകുളം, മെജോ ആലപ്പുഴ, ധനൂപ് തൃശൂർ, ദീപു എരുമപ്പെട്ടി, ഷെഫീക്ക് കുന്നംകുളം, റിയാസ് കുർക്കഞ്ചേരി, വഹാബ് മണ്ണുത്തി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.