തൃശൂർ: ജില്ലയിൽ 90 കുഷ്ഠരോഗ ബാധിതർ ചികിത്സ തുടരുകയും 2017-18 വർഷത്തിൽ 70 പേർക്ക് രോഗം കണ്ടെത്തുകയും ചെയ്ത പശ്ചാത്തലത്തിൽ ഇതരസംസ്ഥാന തൊഴിലാളികളെ അടക്കം ഉൾപ്പെടുത്തി സമ്പൂർണ്ണ കുഷ്ഠരോഗ നിർണ്ണയ ഗൃഹസന്ദർശന പരിപാടി തുടങ്ങുന്നു. കൂടുതൽ രോഗികൾ ഇതരസംസ്ഥാന തൊഴിലാളികളായതിനാൽ പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ തലത്തിൽ അവർക്കായി പരിശോധനാ ക്യാമ്പുകൾ നടക്കും.

ഡിസംബർ അഞ്ചിന് തൃശൂർ ടൗൺഹാളിൽ 'അശ്വമേധം" കുഷ്ഠരോഗ നിർണ്ണയ ഗൃഹസന്ദർശന പരിപാടിക്ക് തുടക്കമിടും. 5 മുതൽ 18 വരെയുളള ദിവസങ്ങളിലാണ് ഗൃഹസന്ദർശനം. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുഷ്ഠരോഗ നിർണ്ണയ പരിപാടിയുടെ ഭാഗമായി വീടുകളിൽ സന്ദർശിക്കുന്ന പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകരെ അറിയിക്കാം. സ്വകാര്യത സംരക്ഷിച്ച് വിദഗ്ദ്ധ പരിശോധനയിലൂടെ രോഗം ആരംഭത്തിലെ തന്നെ ചികിത്സിച്ച് രോഗപകർച്ച തടയുകയും ചെയ്യാനാണ് ലക്ഷ്യം.

ഏപ്രിൽ മുതൽ ഒക്‌ടോബർ വരെ ജില്ലയിൽ 36 പുതിയ കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ നാല് കുട്ടികളിലും 7 ഇതരസംസ്ഥാന തൊഴിലാളികളിലും രോഗം സ്ഥിരീകരിച്ചിരുന്നു. അംഗവൈകല്യമുളളവരും കുട്ടികളും രോഗികളാകുന്നുണ്ട്. കണ്ടെത്തി ചികിത്സ തേടുന്നവർ പകുതിയലധികയും പകർച്ച സാദ്ധ്യത കൂടുതലുളള കേസുകളാണ്. 2017-18 ൽ കണ്ടെത്തിയ കുഷ്ഠരോഗ രോഗബാധിതരിൽ 14 ഇതര സംസ്ഥാന തൊഴിലാളികളും ഉൾപ്പെട്ടിരുന്നു.
കുട്ടികളിൽ നടത്തിയ സർവെകളിൽ കുഷ്ഠരോഗവ്യാപനം കൂടുന്നതായി വ്യക്തമാക്കുന്നുണ്ട്. ആരംഭത്തിൽ തന്നെ രോഗം കണ്ടെത്തിയാൽ പൂർണ്ണമായും ചികിത്സിച്ചു മാറ്റുന്നതിനപ്പുറം രോഗപകർച്ച തടയുന്നതിനും സാധിക്കും. ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പദ്ധതിയിലൂടെ കൃത്യമായി മൾട്ടി ഡ്രഗ് തെറാപ്പി ചികിത്സയുടെ ഗുണഫലങ്ങൾ ലഭ്യമാക്കാനാകും.

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ പദ്ധതി നടക്കുന്നുണ്ട്. നിലവിൽ 691 പേർ കുഷ്ഠരോഗത്തിന് ചികിത്സ തേടിയിട്ടുണ്ട്. 2018 ഏപ്രിൽ മുതൽ ഒക്‌ടോബർ വരെ പുതുതായി 273 രോഗികളെ കണ്ടെത്തി.

പടരുന്നത് വായുവിലൂടെ

കുഷ്ഠരോഗം ബാക്ടീരിയ രോഗമാണ്. വായുവിലൂടെയാണ് പടരുന്നത്. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ രോഗാണു രോഗിയിൽനിന്നും പുറത്ത് കടക്കുന്നു. ചികിത്സയെടുക്കുന്ന രോഗികളിൽനിന്നും രോഗം പകരുകയില്ല. തൊലിപ്പുറത്ത് കാണുന്ന സ്പർശന ശേഷി കുറഞ്ഞ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, കട്ടികൂടിയ തിളക്കമുളള ചർമ്മം, വേദനയില്ലാത്ത വ്രണങ്ങൾ, കൈയ്യിലും കാലിലും ഉണ്ടാകുന്ന മരവിപ്പും വേദനയും ബലക്ഷയം, ചെവി, മറ്റു ശരീരഭാഗങ്ങളിലെ ചെറു മുഴകൾ, ഞരമ്പുകളിൽ വേദന എന്നിവയാണ് തുടക്കത്തിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ.

6 മുതൽ 12 മാസത്തിനുള്ളിൽ രോഗം പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്നത് വഴി കുഷ്ഠരോഗം മൂലമുളള അംഗവൈകല്യങ്ങൾ തടയാം.

 " ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പ് നടത്തും. സ്ത്രീകളും പുരുഷൻമാരും വളണ്ടിയർമാരായി ഉണ്ടാകും. ആരോഗ്യപ്രവർത്തകർ രോഗം കണ്ടെത്തിയാൽ ഡോക്ടറുടെ സേവനം തേടും. ഗുരുതരമായ രോഗികളെ ചർമ്മരോഗവിദഗ്ദ്ധരെ കൊണ്ട് പരിശോധിപ്പിക്കും."

ഡോ.ടി.വി.സതീശൻ(ജില്ലാ പ്രോഗ്രാം മാനേജർ, ആരോഗ്യകേരളം)