ഗുരുവായൂർ: ഏകാദശി ദിനത്തിൽ വ്രതം നോറ്റ് ഗുരുവായൂരപ്പനെ ദർശിക്കുന്നതിന് പതിനായിരങ്ങൾ നാളെ ഗുരുവായൂരിലെത്തും. ദർശനത്തിനെത്തുന്ന ഭക്തർക്കായി ദേവസ്വം വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ക്ഷേത്ര ദർശനത്തിന് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തി. കിഴക്കേ ഗോപുരം വഴിയാണ് ദർശനത്തിനായുള്ള ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക. രാവിലെ 5.30 ന് ശേഷം ഉച്ചയ്ക്ക് ഒരു മണി വരെ ജീവനക്കാർക്കും പ്രാദേശികക്കാർക്കും വി.ഐ.പികൾക്കുമുൾപ്പെടെ പ്രത്യേക ദർശനസൗകര്യമുണ്ടായിരിക്കില്ല. വരിയിൽ നിൽക്കുന്ന ഭക്തർക്ക് മാത്രമായിരിക്കും ഈ സമയത്ത് ദർശനം. സീനിയർ സിറ്റിസൺ, പ്രാദേശികം വരികൾ രാവിലെ 5.30 വരെ മാത്രമേ ഉണ്ടാകൂ. വിപുലമായ പ്രസാദ ഊട്ടും ഒരുക്കും. ഗോതമ്പ് ചോറ്, രസകാളൻ, പുഴുക്ക്, അച്ചാർ, ഗോതമ്പ് പായസം എന്നിവയാകും വിഭവങ്ങൾ.

ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള പന്തലിലും പ്രസാദ ഊട്ട് വിളമ്പും. ക്ഷേത്രത്തിന് തെക്കു ഭാഗത്ത് തയ്യാറാക്കുന്ന പന്തലിൽ ഇലയിട്ട് പ്രസാദ ഊട്ട് വിളമ്പുന്നതിനും സൗകര്യമൊരുക്കുന്നുണ്ട്. ഉച്ചയ്ക്ക് രണ്ട് വരെ വരിയിൽ സ്ഥാനം പിടിച്ച മുഴുവൻ പേർക്കും പ്രസാദ ഊട്ട് വിളമ്പും. 30,000ൽ അധികം പേർ പ്രസാദ ഊട്ടിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ രാവിലെ ക്ഷേത്രത്തിൽ ദേവസ്വം വകയാണ് ഉദയാസ്തമന പൂജയോട് കൂടിയുള്ള വിളക്കാഘോഷം നടക്കുക.

രാവിലെ കാഴ്ച്ച ശീവേലിക്ക് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ മേളം അകമ്പടിയാകും. ശീവേലിക്ക് ശേഷം വൈക്കം ചന്ദ്രന്റെ നേതൃത്വത്തിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടക്കും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പാത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പുമുണ്ടാകും. രാത്രി വിളക്കെഴുന്നള്ളിപ്പിന് കോട്ടപ്പടി സന്തോഷ് മാരാരുടെ നേതൃത്വത്തിൽ മേളം അകമ്പടിയാകും. ഏകാദശി ആഘോഷങ്ങൾക്കായി ദേവസ്വം 39 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളതെന്നും ചെയർമാൻ അറിയിച്ചു. ഭരണസമിതി അംഗങ്ങളായ കെ.കെ രാമചന്ദ്രൻ, പി. ഗോപിനാഥൻ, എ.വി പ്രശാന്ത്, ഉഴമലയ്ക്കൽ വേണുഗോപാൽ, അഡ്മിനിസ്‌ട്രേറ്റർ എസ്.വി ശിശിർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.