koothe
കൂത്ത്

തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിൽ മണ്ഡലമാസത്തോട് അനുബന്ധിച്ച് നടത്തിവരാറുള്ള അംഗുലീയാങ്കം കൂത്തിന് തുടക്കമായി. ശനിയാഴ്ച ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന സമയത്ത് സ്ഥാനികളായ മാണി വാസുദേവ ചാക്യാരാണ് ഹനുമാന്റെ വേഷമണിഞ്ഞ് ഭഗവാനു മുമ്പിൽ കൂത്തുപുറപ്പാട് നടത്തിയത്. ശക്തി ഭദ്ര കവിയുടെ സംസ്കൃത നാടകമായ ആശ്ചര്യചൂഢാമണിയിലെ ഏഴാമങ്കമാണ് തേവർക്കു മുമ്പിൽ 12 ദിവസം കൊണ്ട് അഭിനയിച്ചു കാണിക്കുക. രാമായണത്തിലെ സുന്ദരകാണ്ഡമാണ് ഇതിവ്യത്തം. കേരളത്തിൽ മുഖമണ്ഡപത്തിൽ കൂത്തു നടത്തുന്ന 2 ക്ഷേത്രങ്ങളിലൊന്നാണ് തൃപ്രയാർ. മറ്റൊന്ന് കണ്ണൂർ ജില്ലയിലെ മാടായിക്കാവാണ്.

കുരുത്തോലയും കുലവാഴയും തോരണങ്ങളോട് കൂടി അലങ്കരിച്ച മണ്ഡപത്തിൽ ത്രേതാഗ്നി സങ്കല്പത്തിൽ കത്തിച്ചുവെച്ച നിലവിളക്കിനും നിറപറയ്ക്കും മുമ്പിൽ ചാക്യാർ കൂത്തുപുറപ്പാടു നടത്തിയപ്പോൾ ശംഖനാദവും കതിനാവെടിയും മുഴങ്ങി. മിഴാവും ഇടക്കയും കുറുംകുഴലും അകമ്പടിയായി. ഷാരടിയും നമ്പ്യാരും യവനിക പിടിച്ചു. കൂത്ത് പുറപ്പാടിനു ശേഷം വേഷത്തോടുകൂടി ചാക്യാർ കൂത്തുവിളക്കിന്റെ അകമ്പടിയോടെ തിരുനടയിലെത്തി. സോപാനത്തിൽ കയറി മണി മുഴക്കി ഭഗവാനെ ദർശിച്ചു. മേൽശാന്തിയിൽ നിന്ന് തീർത്ഥവും പ്രസാദവും വാങ്ങി. തുടർന്ന് പ്രദക്ഷിണത്തിനിറങ്ങിയ ചാക്യാർ ഭക്തരിൽ നിന്നുള്ള ദക്ഷിണകളും സ്വീകരിച്ചു. പന്ത്രണ്ടാം ദിവസം രാത്രി നടത്തുന്ന രാക്ഷസവധം കഥാഭാഗത്തോടെ കൂത്തിന് സമാപനമാവും. മിഴാവിന് എടനാട് വിജയൻ നമ്പ്യാരും താളത്തിന് സരോജിനി നങ്ങ്യാരമ്മയും പങ്കെടുത്തു. ഈ വർഷം ദേവസ്വത്തിന്റേതുൾപ്പെടെ 20 വഴിപാട് കൂത്തുകളാണ് ഭക്തർ ശീട്ടാക്കിയിട്ടുള്ളത്. ചാക്യാർക്കണിയാൻ പുതിയ അണിയലങ്ങളും കിരീടവും അംഗുലീയാങ്കവും വഴിപാടായി സമർപ്പിച്ചു. ആവണങ്ങാട്ട് കളരി അഡ്വ: എ.യു രഘുരാമപ്പണിക്കരാണ് വഴിപാടായി ഇവ സമർപ്പിച്ചത്.