n-h-uparodam-amballur
ആമ്പല്ലൂരില്‍ ദേശീയ പാത ഉപരോധിച്ചപ്പോള്‍

ആമ്പല്ലൂർ: ശബരിമല ദർശനത്തിന് ഇരുമുടി കെട്ടുമായെത്തിയ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് എ. നാഗേഷ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഒട്ടാകെ ദേശീയപാത ഉപരോധിക്കുന്നതിന്റെ ഭാഗമായി വിവിധ ഹൈന്ദവ സംഘടനകളുടെയും ബി.ജെ.പിയുടെയും നേതൃത്വത്തിൽ ആമ്പല്ലൂരിൽ ദേശീയപാത ഉപരോധിച്ചു.

സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഉപരോധ സമരം ബി.ജെ.പി മദ്ധ്യമേഖലാ സെക്രട്ടറി എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ സുരേന്ദ്രൻ ഐനിക്കുന്നത്ത്, എൻ.പി മുരളി, അഡ്വ. കെ.ആർ ഹരി, അഡ്വ. ഉല്ലാസ് ബാബു എന്നിവർ പ്രസംഗിച്ചു. പുതുക്കാട്, ഒല്ലൂർ, ചേലക്കര എന്നീ നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകരാണ് ആമ്പല്ലൂരിലെ ഉപരോധസമരത്തിൽ പങ്കെടുത്തത്. ഉപരോധത്തെ തുടർന്ന് ദേശീയ പാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.