sheena-viswan

കയ്പ്പമംഗലം : സമൂഹത്തിൽ ശാസ്ത്രാവബോധം വളർത്താനും വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്ര ഗവേഷണം പ്രോത്സാഹിപ്പിക്കാനുമായി എടത്തിരുത്തി പഞ്ചായത്തിൽ ലക്ഷ്യമിട്ട സയൻസ് പാർക്ക് എങ്ങുമെത്തിയില്ല. 2015-2016 ൽ ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവാക്കി കുറച്ച് പദ്ധതി പ്രദേശം നികത്തി ചുറ്റുമതിലും ഗേറ്റും നിർമ്മിച്ചതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. മതിലകം ബ്ലോക്ക് പഞ്ചായത്ത് ഐ.എസ്.ആർ.ഒയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

എടത്തിരുത്തി കൊല്ലാറ കെ.എസ് ചാത്തുണ്ണിയുടെ സ്മരണാർത്ഥം മകൻ ഡോ. കെ.സി വിജയരാഘവൻ സൗജന്യമായി നൽകിയ 50 സെന്റ് സ്ഥലത്താണ് 15 കോടി ചെലവിൽ സയൻസ് പാർക്കിനും എക്‌സിബിഷൻ സെന്ററിനുമായി 2015 മേയ് മാസത്തിൽ തറക്കല്ലിട്ടത്. 2000 ചതുരശ്ര അടിയിൽ വി.എസ്.എസ്.സി ഡെമോൺസ്‌ട്രേഷൻ മുറിയും അതിനകത്ത് ഐ.എസ്.ആർ.ഒ എക്‌സിബിഷൻ സെന്ററും പ്രവർത്തിക്കും. ഐ.എസ്.ആർ.ഒയുടെ പ്രധാന കണ്ടുപിടുത്തങ്ങളും ഉപഗ്രഹമാതൃകകളും അവയെക്കുറിച്ചുള്ള കാരിക്കേച്ചറുകളും ഇവിടെയുണ്ടാകും. വിദ്യാർത്ഥികൾക്ക് ഇതുമായി ബന്ധപ്പെട്ട ക്‌ളാസുകൾക്കും സംശയനിവാരണത്തിനും അവസരമുണ്ടാകും.

എടത്തിരുത്തി പഞ്ചായത്തിലെ 16 ാം വാർഡിലെ നിർദ്ദിഷ്ട സ്ഥലം പാടശേഖരമായതിനാലും, ഇവിടേക്ക് യാത്രാ സൗകര്യം ഇല്ലാത്തതും തുടക്കത്തിൽ പദ്ധതിയെ വൈകിപ്പിച്ചു. എടത്തിരുത്തി പഞ്ചായത്തിന്റെ പദ്ധതിയിൽപെടുത്തി ഇവിടേക്ക് പത്ത് മീറ്റർ വീതിയിൽ റോഡ് ഉണ്ടാക്കി. 100 മീറ്റർ റോഡ് സൗകര്യം പദ്ധതി പ്രദേശത്തേക്ക് ഒരുക്കുകയും ചെയ്തു. പിന്നീട് പദ്ധതിയുടെ സാദ്ധ്യത മുന്നിൽക്കണ്ട് അന്നത്തെ കയ്പ്പമംഗലം എം.എൽ.എ അഡ്വ. വി.എസ് സുനിൽ കുമാർ ആസ്തി വികസന ഫണ്ടിൽ നിന്നും 60 ലക്ഷം രൂപയും അനുവദിച്ചു. 2014-2015 ൽ സയൻസ് പാർക്കിന്റെ നിർമ്മാണ പ്രവർത്തനം തുടങ്ങി. ഭൂമിയുടമ നൽകിയ സ്ഥലത്തിന്റെ രേഖകളിലെ സാങ്കേതിക പ്രശ്‌നങ്ങളും, കുളവും പാടവുമായി കിടക്കുന്ന സ്ഥലം നികത്തി കെട്ടിടം നിർമ്മിക്കാനുള്ള അനുമതിയുമടക്കം ലഭിച്ചാലേ പദ്ധതി യാഥാർത്ഥ്യമാകൂ.

...................

വിദ്യാർത്ഥികൾക്കും സമൂഹത്തിനും ഉപകാര പ്രദമാകുന്ന സയൻസ് പാർക്കിന്റെ നിർമ്മാണം പൂർത്തീകരിച്ച് എത്രയും പെട്ടെന്ന് പ്രവർത്തനം ആരംഭിക്കുവാനാകും. സ്ഥലത്തിന്റെ രേഖകൾ ശരിയാക്കി കിട്ടുന്നതിനായുള്ള നിവേദനം ജില്ലാ കളക്ടറുടെയും, താലൂക്ക്, വില്ലേജ് അധികൃതരുടെ പരിഗണനയിലാണ്.

ഷീന വിശ്വൻ
വൈസ് പ്രസിഡന്റ്
മതിലകം ബ്‌ളോക്ക് പഞ്ചായത്ത്

.........................

പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയും കൊടുകാര്യസ്ഥതയുമാണ് ഇത്തരം നല്ല പദ്ധതികൾ പരാജയപ്പെടാനും വൈകുന്നതിനും കാരണമാകുന്നത്. ഇത്തരം പദ്ധതികൾക്ക് സൗജന്യമായി സ്ഥലം ലഭിക്കുമ്പോൾ നിർമ്മാണപ്രവർത്തനം നടത്താൻ പറ്റാത്ത പാടശേഖരങ്ങൾ ഒഴിവാക്കാമായിരുന്നു.

എ.കെ ജമാൽ
പഞ്ചായത്തംഗം
എടത്തിരുത്തി

..................


ഹരിതകേരളം പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്ന സർക്കാർ ഇത്തരം നല്ല പദ്ധതികൾ കൊണ്ടു വരുമ്പോൾ പദ്ധതികളിൽ നിന്ന് പാടശേഖരങ്ങൾ ഒഴിവാക്കുകയോ അല്ലെങ്കിൽ അതിനനുസൃതമായി അനുമതി ശരിയാക്കുകയോ വേണം

ജ്യോതിബാസ് തേവർക്കാട്ടിൽ
വൈസ് പ്രസിഡന്റ്
ബി.ജെ.പി, കയ്പ്പമംഗലം നിയോജക മണ്ഡലം