കൊടുങ്ങല്ലൂർ: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെയും ജില്ലാ പ്രസിഡന്റ് എ. നാഗേഷിനെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ, കയ്പ്പമംഗലം, നാട്ടിക, ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ആയിരത്തോളം പ്രവർത്തകർ പ്രകടനമായെത്തിയാണ് ഉപരോധ സമരം നടത്തിയത്. ഗതാഗത തടസം സൃഷ്ടിച്ചതിന് 150 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു. നഗരത്തിലെ തെക്കെ നടയിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകർ ചന്തപ്പുരയിലാണ് ദേശീയപാത ഉപരോധിച്ചത്. പട്ടികജാതി മോർച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് എം.ജി.പ്രശാന്ത് ലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി ജോർജ്ജ്, കയ്പ്പമംഗലം മണ്ഡലം പ്രസിഡന്റ് പി.എസ് അനിൽകുമാർ, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് സുനിൽ, ഡോ. ആശാലത എന്നിവർ സംസാരിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശിവറാം, ബി.ജെ.പി നേതാക്കളായ കെ.എ സുനിൽ കുമാർ, എൽ.കെ മനോജ്, സി.കെ പുരുഷോത്തമൻ, കെ.പി ശശീന്ദ്രൻ, ഉണ്ണികൃഷ്ണൻ പാറയിൽ, വേണുമാസ്റ്റർ എന്നിവർ നേതൃത്വം നൽകി. . . .