തൃശൂർ: സർക്കാർ ജീവനക്കാർക്കുള്ള 11-ാം ശമ്പള കമ്മിഷനെ ഉടൻ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ അസോസിയേഷൻ 44-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് ഡി.എ നൽകാനുള്ള സമയമായി. എന്നിട്ടും പിണറായി സർക്കാരിന് യാതൊരു ചിന്തയുമില്ല. ദുരന്തങ്ങൾ ഒന്നിനു പിറകെ വന്നുകൊണ്ടിരിക്കുന്നതിനാൽ ജനങ്ങൾക്ക് സർക്കാരിനെ വിലയിരുത്താൻ സമയം കിട്ടുന്നില്ല. ഈ നിയമസഭാ സമ്മേളനത്തിൽ സർക്കാരിന്റെ പൊള്ളത്തരം പുറത്ത് കൊണ്ടുവരും. മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുനിയമന അഴിമതി ഉയർത്തി ശക്തമായ സമരം ആരംഭിക്കാൻ യു.ഡി.എഫ് തീരുമാനമെടുക്കും. ജീവനക്കാരുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിൽ മുഖ്യമന്ത്രി മുഖം തിരിക്കുന്നു. സർക്കാർ കൊണ്ടുവന്ന ലൈഫ് മിഷനും മറ്റ് മൂന്ന് മിഷനുകളും സ്തംഭിച്ചു. ആരോഗ്യ, ഹൗസിംഗ് ഇൻഷ്വറൻസ് പദ്ധതികളില്ല. പദ്ധതി ചെലവ് സംബന്ധിച്ച് മന്ത്രിമാർ റിവ്യൂ മീറ്റിംഗ് നടത്തുന്നില്ല. വെള്ളപ്പൊക്കത്തിന് ശേഷം ബുദ്ധിശൂന്യ നിലപാടാണ് മുഖ്യമന്ത്രി കൈക്കൊണ്ടത്. സിവിൽ സർവീസ് പൂർണമായും രാഷ്ട്രീയ ഇടപെടലുകളാൽ തകർന്നു. ഉപദേശകരാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് മുകളിലുള്ളത്. എല്ലാവരും കൂടി ഉപദേശിച്ച് പിണറായിയെ പരുവത്തിലാക്കി. ഫയലുകൾ ജീവിതമാണെന്ന് ഗാന്ധിജി പറഞ്ഞത് ആവർത്തിച്ച പിണറായിയുടെ മേശപ്പുറത്ത് എട്ട് മാസം വരെ ഉറങ്ങിയ ഫയലുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് എൻ.കെ. ബെന്നി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, മുൻ പ്രസിഡന്റ് എം.എം. ഹസൻ, എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, കെ.പി. വിശ്വനാഥൻ, സി.എൻ. ബാലകൃഷ്ണൻ, കെ.എസ്.യു പ്രസിഡന്റ് കെ.എം. അഭിജിത്ത്, ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപൻ, ജോസഫ് ചാലിശേരി, വി.കെ.എൻ. പണിക്കർ, കമ്പറ നാരായണൻ, മങ്ങാട് രാജേന്ദ്രൻ, കോട്ടാത്തല മോഹനൻ, എൻ. രവികുമാർ, പി. ഹരിഗോവിന്ദൻ, കെ.വി. മുരളി, എൻ.എൽ. ശിവകുമാർ, ജെ. ബെൻസി, എസ്. അജയൻ, എ. രാജശേഖരൻ നായർ, പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ കലണ്ടർ ബെന്നി ബഹനാൻ പ്രകാശനം ചെയ്തു. സമാപന സമ്മേളനം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു.